ഐപിഎല്‍ 2025ലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിച്ച് ആരാധക പ്രതീക്ഷകള്‍ കൂട്ടിയ ടീമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്തയ്‌ക്കെതിരെ ഏഴ് വിക്കറ്റ് ജയം നേടിയ ആര്‍സിബി പട രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 50 റണ്‍സിനും തോല്‍പ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഗുജറാത്തിനോട് എട്ട് വിക്കറ്റിന് തോറ്റതോടെ ആര്‍സിബിയെ ട്രോളി വീണ്ടും എത്തുകയാണ് ആരാധകര്‍. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരമായിരുന്നിട്ടുകൂടി ആര്‍സിബിക്ക് വിജയം കൈപിടിയിലൊതുക്കാനാവാത്തതിന്റെ നിരാശയിലാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്കോ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്കോ മാറുന്ന കാര്യം ആര്‍സിബി കാര്യമായി പരിഗണിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗത്തിന്റെ വിമര്‍ശനം. അങ്ങനെ ചെയ്യുവാണെങ്കില്‍ അവര്‍ക്ക് എന്തായാലും അവിടെ കപ്പടിക്കാനാവും. ലോകം മുഴുവന്‍ പുനര്‍ജനിച്ചാലും നാഗരികതകള്‍ ഉയര്‍ന്നുവന്നാലും ചരിത്രം സ്വയം പുനസജ്ജമാക്കിയാലും വിന്റേജ് ആര്‍സിബി ഐപിഎല്‍ നേടില്ല, ഒരു ആരാധകന്‍ എഴുതി.
“ആര്‍സിബി- മാര്‍ച്ചില്‍ സിംഹങ്ങള്‍, എപ്രിലില്‍-തോറ്റു, മെയ് മാസത്തോടെ പുറത്ത്, ട്രോഫി സ്വപ്‌നങ്ങള്‍ മാറ്റിവച്ച് വീണ്ടും”, എന്നാണ് മറ്റൊരാളുടെ കമന്റ്. “ചിന്നസ്വാമി എതിരാളികള്‍ക്ക് ഒരു കോട്ടയാണ്”, “ചിന്നസ്വാമിയെ പോലെ ആരും ആര്‍സിബിയെ തോല്‍പ്പിക്കുന്നില്ല”, :വിന്റേജ് ആര്‍സിബി ബാക്ക് അറ്റ് ചിന്നസ്വാമി” എന്നിങ്ങനെയാണ് മറ്റു ട്രോളുകള്‍.