പാചകവാതക വിലയില്‍ മാറ്റം; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 134 രൂപ

എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ നിന്നും 134 രൂപ കുറച്ചു. ഇതോടെ കൊച്ചിയില്‍ വാണിജ്യസിലിണ്ടറിന് 2223.50 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മേയ് ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ കൂട്ടിയിരുന്നു.

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപ കഴിഞ്ഞ മാസം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിലിണ്ടറുകളുടെ വില 2253 രൂപയില്‍ നിന്ന് 2355.50 രൂപയായി ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നും 134 രൂപയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടുന്ന എണ്ണ വിപണന കമ്പനികള്‍ ഉജ്ജ്വല ദിവസ് ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളം 5,000 ലധികം എല്‍പിജി പഞ്ചായത്തുകള്‍ സംഘടിപ്പിക്കും.

ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) സുരക്ഷിതവും സുസ്ഥിരവുമായ ഉപയോഗം ലക്ഷ്യമിട്ടുള്ള അനുഭവം പങ്കുവയ്ക്കുന്നതിനു പുറമേ, എണ്ണ വിപണന കമ്പനികള്‍ ഉപഭോക്തൃ എന്റോള്‍മെന്റ് പരമാവധിയാക്കാനുള്ള ശ്രമങ്ങളും നടത്തും.