ചപ്പാത്തിക്കുള്ളില്‍ ഒളിപ്പിച്ച് കത്തുകള്‍ കടത്തി; മെഹബൂബയുമായി മകള്‍ ആശയവിനിമയം നടത്തിയത് ഇങ്ങനെ

ആറ് മാസമായി തടവില്‍ കഴിയുന്ന മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി അവരുടെ മകള്‍ ഇല്‍തിജ മുഫ്തി. കത്ത് ചെറുതായി മടക്കിയെടുത്ത് ചപ്പാത്തിക്ക് അകത്ത് ഉരുട്ടി ചോറ്റുപാത്രത്തില്‍ ഒളിപ്പിച്ചാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മകളുമായി ആശയവിനിമയം നടത്തിയിരുന്നതെന്നാണ് ഇല്‍തിജ പറഞ്ഞത്.

മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയണ് ഇല്‍തിജ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മകള്‍ ഇല്‍തിജയാണ്.

“അവരെ അറസ്റ്റ് ചെയ്ത ആഴ്ച ഞാന്‍ ഒരിക്കലും മറക്കില്ല. അവരില്‍ നിന്ന് ഒരു കുറിപ്പ് ലഭിക്കും വരെയുള്ള ദിവസങ്ങള്‍ ആശങ്ക നിറഞ്ഞതായിരുന്നു. അവര്‍ക്കായി വീട്ടില്‍ നിന്ന് പാചകം ചെയ്ത് കൊടുത്തുവിട്ട ഉച്ചഭക്ഷണ പാത്രത്തിലായിരുന്നു അത്, ഇല്‍തിജ ട്വിറ്ററില്‍ കുറിച്ചു.

“അയച്ച കത്തിന് മറുപടി അയയ്ക്കാനുള്ള വഴി മുത്തശ്ശിയാണ് കണ്ടെത്തിയത്. ഞാന്‍ എഴുതിയ കത്ത് ചെറുതായി മടക്കി ശ്രദ്ധിച്ച് ഉരുട്ടി ഒരു ചപ്പാത്തിക്കുള്ളില്‍ വെച്ച് ഉച്ചഭക്ഷണ പാത്രത്തിലാക്കി”, ഇല്‍തിജ എഴുതി.

Read more

ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കിയിരുന്ന 370-ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഓഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി കസ്റ്റഡിയിലാണ്.