മറാത്ത വോട്ടില്‍ കണ്ണുംനട്ട് ബിജെപി, ഛത്രപതി ശിവാജിയുടെ വാഗനഖം ബ്രിട്ടനില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ നീക്കം; മോദിക്കും അമിത് ഷായ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രചോദനമെന്ന് മഹാരാഷ്ട്ര മന്ത്രി

ഛത്രപതി ശിവാജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ബിജെപി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പക്കലായിരുന്ന വാഗ നഖമാണ് ഇന്ത്യയിലേക്ക് എത്തിക്കുവാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. മറാത്താ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവeജി, 1659 ൽ ബീജാപൂര്‍ സുല്‍ത്താന്റെ ജനറലായിരുന്ന അഫ്‌സല്‍ ഖാനെ വധിക്കുന്നതിനായി ഉപയോഗിച്ച ആയുധമാണ് വാഗ നഖം. പുലി നഖത്തോട് സാമ്യമുള്ള ഉരുക്കില്‍ തീര്‍ത്ത കൈയില്‍ ധരിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ഈ ആയുധം.

വാഗ നഖം

ശിവജി അഫ്‌സല്‍ ഖാനെ വധിച്ച ദിവസത്തിന്റെ വാര്‍ഷികത്തിനാകും വാഗ നഖം ഇന്ത്യയിലെത്തുക. ഇത് തിരികെ നല്‍കാൻ യുകെ അധികൃതർ സമ്മതിച്ചതായി മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുൻഗന്തിവാർ അറിയിച്ചു. ശിവജിയുടെ ജഗദംബവാള്‍ അടക്കമുള്ള മറ്റ് വസ്തുക്കളും തിരിച്ചെത്തിക്കുന്ന കാര്യവും തങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.  വാഗ് നഖ് ചരിത്രത്തിലെ വിലമതിക്കാനാകാത്ത നിധിയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങള്‍ അവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി സുധീർ മുൻഗന്തിവാർ അറിയിച്ചു.

ഞങ്ങൾ ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350 വർഷം ആഘോഷിക്കുകയാണ്, അതിനാൽ ബ്രിട്ടനിലേക്ക് കൊണ്ടുപോയ ‘വാഗ് നഖ്’ തിരികെ കൊണ്ടുവരണമെന്നും രാജ്യത്തെ ശിവഭക്തർക്ക് അത് കാണാനുള്ള അവസരം ലഭിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു. (വാഗ് നഖ്) തിരിച്ചുകൊണ്ടുവരുന്നത് പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും വേണ്ടി പ്രവർത്തിക്കാനുള്ള പ്രചോദനമായി മാറണം. ഒക്‌ടോബർ മൂന്നിന് ഞങ്ങൾ ധാരണാപത്രം ഒപ്പിടും, നവംബറിൽ ‘വാഗ് നഖ്’ തിരികെ കൊണ്ടുവരും,”

എന്നിങ്ങനെയാണ് മഹാരാഷ്ട്ര മന്ത്രി സുധീർ മുൻഗന്തിവാർ പറയുന്നത്. വരുന്ന പൊതുതിരഞ്ഞെടുപ്പിലടക്കം മറാത്ത വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും നീക്കങ്ങള്‍.

നിലവിൽ വാഗ നഖം സൂക്ഷിച്ചിരിക്കുന്നത് ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലാണ്. ലോകത്തിലെ തന്നെ വലിയ മ്യൂസിയങ്ങളിൽ ഒന്നായ ഇവിടെ 2 .27 ദശലക്ഷത്തിനു മുകളിൽ പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ എത്തിക്കുന്ന വാഗ നഖം പൊതുജനങ്ങൾക്ക് സന്ദർശിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മഹാരാഷ്ട്ര ഗവണ്മെന്റ് അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ ഷെഹീദി പാര്‍ക്കിലെ ശിവാജിയുടെ പ്രതിമ

Read more

ഇന്ത്യയുടെ ചരിത്രത്തിലെ ശക്തനായ മറാത്താ ഭരണാധികാരിയായിരുന്നു ഛത്രപതി ശിവാജി. 1630 മുതൽ 1680 വരെയായിരുന്നു ശിവാജിയുടെ ജീവിതകാലം. 1674 ൽ റായിഗഡിലെ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ശിവാജി കിരീടമണിഞ്ഞതിന്റെ 350 ആം വാർഷികമാണ് ഈ വർഷം.  ഈ അവസരം മറാത്താ വോട്ട് സമാഹരിക്കാനുള്ള സുവര്‍ണാവസരമായി കണ്ടാണ് ഛത്രപതി ശിവാജിയുടെ പേരിലുള്ള ബിജെപി നീക്കങ്ങള്‍. ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടു പോയ നിരവധി അമൂല്യ വസ്തുക്കളുണ്ട്. കോഹിന്നൂര്‍ രത്‌നമടക്കം, എന്നാല്‍ ചിലത് മാത്രം തിരിച്ചെടുക്കാനുള്ള ശ്രമം എന്തെന്നാണ് ജനങ്ങളുടെ ചോദ്യം.