‘എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുന്നു’ പ്രധാനമന്ത്രി ഇന്നലെ പാർലമെന്റിൽ എംപിമാരോട് പറഞ്ഞ വാക്കുകളാണിത്. കാര്യം വളരെ ലളിതമാണ്. പാർലമെന്റിലെ എംപിമാരുടെ കാൻ്റീനിലാണ് സംഭവം. നിരന്തരം വാഗ്‌വാദങ്ങൾ നടത്തി പാർലമെന്റിൽ പരസ്പരം ഏറ്റുമുട്ടുന്ന ഭരണപക്ഷവും പ്രതിപക്ഷവും പ്രധാനമന്ത്രിയോടൊപ്പം ഒന്നിച്ചിരുന്ന് സൊറ പറഞ്ഞ് ഭക്ഷണം കഴിക്കുന്ന ഒരു വീഡിയോയാണ് വൈറൽ. ഉച്ചഭക്ഷണത്തിനായുള്ള പാർലമെന്റിലെ 45 മിനിറ്റ് ഇടവേളയിലാണ് ഈ കൗതുകകരമായ കൂടിക്കാഴ്ച നടന്നത്.
പാർലമെൻ്റ് കാൻ്റീനിൽ ഉച്ചഭക്ഷണത്തിന് തന്നോടൊപ്പം ചേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരോട് ആവശ്യപ്പെടുകയായിരുന്നു. ‘എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുന്നു’ എന്ന് പറഞ്ഞാണ് എംപിമാരെ ഭക്ഷണത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചത്. ഇത് കേട്ട എംപിമാർ അമ്പരന്നു.
ഒരു മേശയ്ക്കു ചുറ്റും പ്രധാനമന്ത്രിക്കൊപ്പം ഇരുന്നായിരുന്നു പിന്നെ എംപിമാരുടെ ഉച്ചയൂണ്. കേരളത്തിൽ നിന്നുള്ള എൻകെ പ്രേമചന്ദ്രൻ എംപി, ടിഡിപിയിൽ നിന്ന് രാം മോഹൻ നായിഡു, ബിഎസ്പിയിൽ നിന്ന് റിതേഷ് പാണ്ഡെ, ബിജെപിയുടെ ലഡാക്ക് എംപി ജംയാങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ മുരുഗുൺ, ബിജെഡിയുടെ സസ്മിത് പത്ര, ബിജെപിയുടെ മഹാരാഷ്ട്ര എംപി ഹീന ഗാവിത് എന്നിവരാണ് പ്രധനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നത്. അരി, ദാൽ, കിച്ചടി, ലഡ്ഡൂ എന്നിവയായിരുന്നു പ്രധനമന്ത്രിയോടൊപ്പമുള്ള വെജിറ്റേറിയൻ ഉച്ചഭക്ഷണത്തിലെ വിഭവങ്ങൾ.
Enjoyed a sumptuous lunch, made even better thanks to the company of Parliamentary colleagues from various parties and different parts of India. pic.twitter.com/6MWTOCDnPJ
— Narendra Modi (@narendramodi) February 9, 2024
അപ്രതീക്ഷിതമായി പ്രധാനമന്ത്രിയോടൊപ്പം ചിലവഴിക്കാൻ കിട്ടിയ അവസരം എംപിമാർ പാഴാക്കിയുമില്ല. ചുരുങ്ങിയ സമയം കൊണ്ട് പ്രധാനമന്ത്രിയുടെ ജീവിതശൈലി, എങ്ങനെയാണ് ഇത്രയും നിറഞ്ഞ ഷെഡ്യൂൾ കൈകാര്യം ചെയ്യുന്നതെന്ന് അടക്കമുള്ള കാര്യങ്ങൾ അവർ ആരാഞ്ഞറിഞ്ഞു. പ്രധാനമന്ത്രിയാവട്ടെ, പാകിസ്ഥാനിലെ നവാസ് ഷെരീഫുമായുള്ള സന്ദർശനം, തന്റെ വിദേശ പര്യടനങ്ങൾ, 2018ൽ തറക്കല്ലിട്ട അബുദാബി ക്ഷേത്രത്തെക്കുറിച്ച്, വരാനിരിക്കുന്ന അബുദാബി യാത്രയെക്കുറിച്ചുമൊക്കെ എംപിമാരോട് വാചാലനായി.
Read more
‘എംപിമാരുടെ കാൻ്റീനിൽ ഉച്ചഭക്ഷണത്തിനായി എത്തിയപ്പോൾ പ്രധാനമന്ത്രിയുമായി തികച്ചും യാദൃശ്ചികവും സൗഹാർദ്ദപരവുമായ കൂടിക്കാഴ്ചയായിരുന്നു’, എംപിമാരിൽ ഒരാൾ പ്രതികരിച്ചു. എംപിമാർക്കൊപ്പം കാന്റീനിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാനും പ്രധാനമന്ത്രി മറന്നില്ല. ‘ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പാർട്ടികളിലെ പാർലമെൻ്ററി സഹപ്രവർത്തകർക്ക് ഒപ്പം വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചു, നന്ദി’ എന്നാണ് ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചത്.