ജാതി സെൻസസ്, സൗജന്യ വൈദ്യുതി, വാർദ്ധക്യ പെൻഷൻ, വിദ്യാർത്ഥികൾക്ക് മാസം 1500 രൂപ; നിരവധി വാഗ്ദാനങ്ങളുമായി മധ്യപ്രദേശിൽ കോൺഗ്രസിന്റെ 'വചൻ പത്രിക' പുറത്തിറക്കി

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി മധ്യപ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. ‘വചൻ പത്രിക’ എന്ന് പേര് നൽകിയിരിക്കുന്ന പ്രകടനപത്രിക മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്, മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.

സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കുകയെന്നതാണ് പ്രകടന പത്രികയിൽ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്‌ദാനം. വാർദ്ധക്യ പെൻഷൻ, കാർഷിക കടങ്ങൾ എഴുതി തള്ളുക, നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകൾക്ക് മാസം 1500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, സ്‌കോളർഷിപ്പുകൾ തുടങ്ങിയവയും കോൺഗ്രസ് പത്രികയിൽ മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക ഗാന്ധി വിധയർത്തികൾക്കായുള്ള സ്‌കോളർഷിപ്പ് തുകകകൾ വാഗ്‌ദാനം ചെയ്തിരുന്നു.

ഒന്ന് മുതൽ എട്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാസം 500 രൂപ ധനസഹായം, ഒൻപത്, പത്ത് ക്ളാസ് വിദ്യാർത്ഥികൾക്ക് 1000 രൂപ, പതിനൊന്ന്, പന്ത്രണ്ട് ക്ളാസ് വിദ്യാർത്ഥികൾക്ക് 1500 ധനസഹായം എന്നിങ്ങനെയായിരുന്നു വാഗ്‌ദാനം. ഇതും കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്താണ് മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം?

കര്‍ണാടകയിലെ ഗംഭീര വിജയത്തിന് പിന്നാലെ ഗ്യാസ് സിലണ്ടറിന് 500 രൂപ വിലയും സ്ത്രീകള്‍ക്ക് 1500 രൂപ പ്രതിമാസ വരുമാനവും കോണ്‍ഗ്രസ് മാര്‍ച്ചില്‍ തന്നെ വാഗ്ദാനമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. കാര്‍ഷിക കടം എഴുതി തള്ളുമെന്നും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നുമുള്ള ഉറപ്പ്. 200 യൂണിറ്റ് വൈദ്യുതിക്ക് പകുതി പൈസ മാത്രമേ ഈടാക്കുവെന്നും വ്യക്തമാക്കി. പഴയ പെന്‍ഷന്‍ പ്ലാന്‍ പുനസ്ഥാപിക്കുമെന്ന ഉറപ്പ്. ഇത്രയും ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

Read more

മദ്ധ്യപ്രദേശിലെ 230 സീറ്റുകളിലേക്കുള്ള പോളിംഗ് നിശ്ചയിച്ചിരിക്കുന്നത് നവംബർ 17നാണ്. ഒറ്റ ഘട്ടമായാണ് പോളിംഗ് നടക്കുക. ഡിസംബർ മൂന്നിന് വോട്ടെണ്ണും. 144 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഉയർന്നിരുന്നു. 109 സീറ്റുകളായിരുന്നു അന്ന് ബിജെപി നേടിയത്. ബിഎസ്പി, എസ്പി, സ്വതന്ത്ര എംഎൽഎമാർ എന്നിവരുടെ പിന്തുണയോടെ കമൽനാഥിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ 2020ൽ നിരവധി കോൺഗ്രസ് എംൽഎമാർ കൂറുമാറിയതോടെ സർക്കാർ വീണു.