'അദ്ദേഹം ഒരിക്കല്‍ കരയുന്നത് ഞാന്‍ കണ്ടു, അത് എന്നില്‍ മാറ്റമുണ്ടാക്കി'; സെഞ്ച്വറിയില്‍ വികാരാധീനനായി നിതീഷ് കുമാര്‍ റെഡ്ഡി

എല്ലാ ഫോര്‍മാറ്റുകളിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന ഒരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍ റെഡ്ഡി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം തന്റെ നാലാം ടെസ്റ്റില്‍ തന്നെ ആദ്യത്തെ സെഞ്ച്വറിയും കുറിച്ചിരിക്കുകയാണ്.

മെല്‍ബണിലെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് ശേഷം താരത്തിന്റൈ കുടുംബം ഹോട്ടല്‍ മുറിയിലെത്തി നിതീഷിനെ കണ്ടു. ഇതിന്റെ വീഡിയോ ബിസിസിഐ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. പിതാവിന്റെ കഷ്ടപ്പാട് കണ്ടാണ് താന്‍ ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ തുടങ്ങിയെതന്ന് താരം വെളിപ്പെടുത്തി.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അദ്ദേഹം ഒരിക്കല്‍ കരയുന്നത് ഞാന്‍ കണ്ടു. എത് എന്നില്‍ മാറ്റമുണ്ടാക്കി. ക്രിക്കറ്റിനെ ഗൗരവമായി കാണണമെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വേണ്ടി മാത്രമല്ല, അദ്ദേഹത്തിന് വേണ്ടികൂടിയായിരുന്നു അത്. എന്റെ ആദ്യത്തെ ജഴ്സി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അത് എനിക്ക് പ്രചോദനമായി മാറി- നിതീഷ് പറഞ്ഞു.

ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് നിതീഷിന്റെ സെഞ്ച്വറി പ്രകടനമായിരുന്നു. ഓസ്ട്രേലിയയില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്റര്‍ മാത്രമാണ് 21കാരനായ നിതീഷ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18 വയസും 256 ദിവസവും), ഋഷഭ് പന്ത് (21 വയസും 92 ദിവസവും) എന്നിവരാണ് ഈ പട്ടികയില്‍ മുന്നില്‍.