വിവാദ ഐഎഎസ് പൂജ ഖേദ്കർ കേസ്; വൈറലായ വീഡിയോയിലെ തോക്ക് പിടിച്ചെടുത്തു, അമ്മയുടെ എസ്‌യുവിയും കസ്റ്റഡിയിൽ

വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കര്‍ ഉപയോഗിച്ചിരുന്ന തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. പുണെയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തോക്കും മൂന്ന് വെടിയുണ്ടകളും പിടിച്ചെടുത്തത്. ഇവരുടെ ഒരു എസ്‌യുവിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് വധശ്രമം ഉള്‍പ്പെടെ ചുമത്തി മനോരമ ഖേദ്കറിനെതിരേ പൊലീസ് കേസെടുത്തിരുന്നത്. ഒരുവര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു പൊലീസ് നടപടി. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ മനോരമയെ വ്യാഴാഴ്ച റായ്ഗഢിലെ ലോഡ്ജില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

അതേസമയം കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പൂജയുടെ പിതാവ് ദിലീപ് ഖേദ്കറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലായ് 25 വരെ ദിലീപ് ഖേദ്കറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് പുണെ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തൻ്റെ പേരിലുള്ള ഭൂമിയുടെ രേഖകൾ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു കർഷകനുമായി മനോരമ തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് റെക്കോർഡുചെയ്യുന്ന ക്യാമറ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അവർ അത് പെട്ടെന്ന് മറയ്ക്കുക്കാൻ ശ്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്ന രീതിയിൽ തോക്ക് വീശുന്നതും വീഡിയോയിലുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം ഉള്‍പ്പെടെ നേരിടുന്ന പൂജ ഖേദ്കറിനെതിരേയും ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിന് യുപിഎസ്‌സി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൂജയുടെ ഐഎഎസ് റദ്ദാക്കാനുള്ള നടപടികളും യുപിഎസ്‌സി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി പൂജയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചു.