അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്; ഹര്‍ജി തള്ളി സുപ്രീം കോടതി

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന ഉത്തരവിലാണ് സുപ്രീംകോടതി ഇടപെടാന്‍ താത്പര്യം പ്രകടിപ്പിക്കാത്തത്.

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ല എന്നാണ് അലഹബാദ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടേതാണ് പരാമര്‍ശം. പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം.

ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു. തുടര്‍ന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി.

Read more