ലതാ മങ്കേഷ്‌കറിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിന് ശേഷം ഇന്ന് പുലർച്ചെ അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം മുംബൈയിലെ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ഗായികയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാർക്കിലെത്തിയിരുന്നു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മെഗാസ്റ്റാർ ഷാരൂഖ് ഖാൻ, ഗാനരചയിതാവ് ജാവേദ് അക്തർ, ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

കോവിഡിന് ശേഷമുള്ള സങ്കീർണതകളെ തുടർന്ന് ലതാ മങ്കേഷ്‌കർ (92) ഇന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചാണ് ലോകത്തോട് വിടപറയുകയായിരുന്നു.

ജനുവരി എട്ടിന് കോവിഡും ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ശേഷം, ശനിയാഴ്ച ലതാ മങ്കേഷ്‌കറിന്റെ നില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നിരുന്നു.

1942-ല്‍ തന്റെ 13-ാം വയസ്സില്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.

Read more

രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ല്‍ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങി നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങള്‍ ലതാ മങ്കേഷ്‌കറിന് ലഭിച്ചിട്ടുണ്ട്.