’65കാരന്റെ കാമുകിയായി 30കാരി’ എന്ന പരിഹാസ കമന്റിനോട് പ്രതികരിച്ച് നടി മാളവിക മോഹനന്‍. മോഹന്‍ലാലിനൊപ്പമുള്ള ‘ഹൃദയപൂര്‍വ്വം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് നടിക്കെതിരെ പരിഹാസ കമന്റ് എത്തിയത്. ’65കാരന്റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്’ എന്നായിരുന്നു കമന്റ്.
ഇതിന് മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു. ‘കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ കൊണ്ട് ആളുകളെയും സിനിമകളെയും വിലയിരുത്തുന്നത് നിര്‍ത്തൂ’ എന്നാണ് മാളവികയുടെ മറുപടി. ഈ മറുപടി വൈറലായതോടെ പരിഹസിച്ചെത്തിയ ആള്‍ക്ക് മറുപടിയായി ആരാധകരും രംഗത്തെത്തി.
‘നിങ്ങള്‍ പറയുന്നതു കേട്ടാല്‍ തോന്നും, സിനിമയുടെ തിരക്കഥ നിങ്ങള്‍ വായിച്ചു കഴിഞ്ഞെന്ന്’ എന്നായിരുന്നു ഒരാളുടെ മറുപടി. ‘ബോളിവുഡില്‍ അങ്ങനെയാകും. പക്ഷേ, മലയാളത്തില്‍ തിരക്കഥ ആവശ്യപ്പെടുന്ന ഏതു റോളും അഭിനേതാക്കള്‍ ചെയ്യും’ എന്നായിരുന്നു മറ്റൊരാള്‍ മറുപടിയായി കുറിച്ചത്.
അതേസമയം, സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ചിത്രത്തില്‍ മോഹന്‍ലാല്‍ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് എത്തുക. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സിനിമയുടെ കഥ അഖില്‍ സത്യന്റെതാണ്. അനൂപ് സത്യന്‍ ചിത്രത്തില്‍ അസോസിയേറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നടി സംഗീത, അമല്‍ ഡേവിസ്, നിഷാന്‍, ജനാര്‍ദനന്‍, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.