കോവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ പൊതുവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം, ലംഘിക്കുന്നവര്‍ക്ക് പിഴ

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് പ്രതിരോധ നടപടികള്‍ കടുപ്പിച്ച് തമിഴ്‌നാട്. പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്ഡ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ആരാഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ അറിയിച്ചു.

നേരത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ മദ്രാസ് ഐഐടിയില്‍ കോവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയത്. 30 വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തമിഴനാട്ടില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച 39 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസം 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത്, നിലവിലെ 18,000 കേസുകളില്‍ നിന്ന് സാമ്പിളുകളുടെ പരിശോധന പ്രതിദിനം 25,000 ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡ് വ്യാപനം കൂടിയതിനെ തുടര്‍ന്ന് ചേര്‍ന്ന ഡല്‍ഹി ദുരന്ത നിവാരണ സമിതിയുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.