ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും കോവിഡ്. ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തര്‍കിഷോര്‍ പ്രസാദ്, മന്ത്രിമാരായ അശോക് ചൗധരി, വിജയ് ചൗധരി, സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ ഉണ്ടായിരുന്ന 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേര്‍ മുഖ്യമന്ത്രിയുടെ ജനതാ ദര്‍ബാറില്‍ പങ്കെടുത്ത സന്ദര്‍ശകരും ബാക്കിയുള്ളവര്‍ കാറ്ററിംഗ് ജീവനക്കാരുമാണ്.
ബിഹാറില്‍ ഇതു വരെ ഒരു ഒമൈക്രോണ്‍ കേസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ 24 മണിക്കൂറിനിടെ 893 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. നാളെ മുതല്‍ ജനുവരി 21 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
Read more
ബിഹാറില്‍ ഈ ദിവസങ്ങളില്‍ പാര്‍ക്കുകള്‍, ജിമ്മുകള്‍, സിനിമാ തിയേറ്ററുകള്‍ മാളുകള്‍ എന്നിവ അടഞ്ഞുകിടക്കും. എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളും ഈ കാലയളവില്‍ അടച്ചിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് നേരത്തെ 150 ഓളം ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പട്നയിലെ നളന്ദ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ (എന്‍എംസിഎച്ച്) എഴുപത്തിരണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് പോസിറ്റീവ് ആയതായി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.