ഡൽഹിയിലെ ദയനീയ തോൽവിക്ക് പിന്നിലെ ആം ആദ്മിക്ക് പഞ്ചാബിലും പ്രതിസന്ധി. പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ 30ഓളം എംഎൽഎമാർ രാജി ഭീഷണി മുഴക്കി രംഗത്തുവന്നു. മുഖ്യമന്ത്രി ഭഗവത് മനിനൊപ്പം പ്രവർത്തിക്കാൻ ആകില്ലെന്നാണ് എംഎൽഎമാർ പറയുന്നത്. ഇതോടെ പഞ്ചാബിലെ എംഎൽഎമാരുടെ യോഗം നാളെ വിളിച്ചിരിക്കുകയാണ് പാർട്ടി കൺവീനറായ അരവിന്ദ് കെജ്‌രിവാൾ.
എഎപി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന എംഎൽഎമാരുമായി കോൺഗ്രസ് പാർട്ടി ചർച്ച നടത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. എഎപിയുടെ 30 ഓളം എംഎൽഎമാരുമായും ബന്ധമുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. 2022ലെ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റുകൾ നേടിയാണ് എഎപി കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. നിലവിൽ കോൺഗ്രസിന് 18 സീറ്റുകളും ശിരോമണി അകാലിദളിന് മൂന്ന് എംഎൽഎമാരുമുണ്ട്.
Read more
പഞ്ചാബിൽ എഎപിയിൽ പിളർപ്പുണ്ടാകുമെന്നും സംസ്ഥാന സർക്കാരിൽ പുനഃസംഘടനയുണ്ടാകുമെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു. അതേസമയം നിലവിൽ ഒഴിവു വരുന്ന ലുധിയാന മണ്ഡലത്തിൽ നിന്ന് മത്സരിച്ച് കെജ്‌രിവാൾ പഞ്ചാബ് സർക്കാരിൽ ചേരാനുള്ള സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. പഞ്ചാബിൽ മുഖ്യമന്ത്രിസ്ഥാനം കെജ്‌രിവാൾ ലക്ഷ്യമിട്ടേക്കുമെന്ന് പഞ്ചാബ് ബിജെപി നേതാവ് സുഭാഷ് ശർമ്മയും അവകാശപ്പെട്ടു.