ഓർഡർ ചെയ്തത് ഒരു ലക്ഷത്തിന്റെ സോണി ടിവി, കിട്ടിയത് വില കുറഞ്ഞ തോംസൺ ടിവി; ഫ്ലിപ്പ്കാട്ടിനെതിരെ യുവാവ്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ സെയിലിൽ നിന്ന് ഒരു ലക്ഷത്തിന്റെ ടിവി ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വില കുറഞ്ഞ തോംസൺ ടിവിയെന്ന് പരാതി. ഓൺലൈൻ പർച്ചെസിങിലൂടെ പറ്റിക്കപ്പെട്ട ആര്യൻ എന്ന യുവാവാണ് തന്റെ ദുരനുഭവം എക്‌സ് പ്ലാറ്റഫോമിലൂടെ പങ്കുവെച്ചത്.

ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിലിനായി കാത്തിരുന്നുവെന്നും ഐസിസി ഏകദിന ലോകകപ്പ് വലിയ സ്‌ക്രീനിൽ കാണുവാനാണ് ഒരു ലക്ഷത്തിന്റെ സോണി ടിവി ഓർഡർ ചെയ്തതെന്നും ആര്യൻ പറയുന്നു. ഫ്ലിപ്പ്കാർട്ട് ഡെലിവറി ചെയ്ത പെട്ടി തുറന്നപ്പോൾ വില കുറഞ്ഞ തോംസൺ ടിവി കണ്ട് ഞെട്ടിപ്പോയെന്നാണ് ആര്യൻ പറയുന്നത്.

‘ഒക്ടോബർ 7ന് ഫ്ലിപ്‌കാർട്ടിൽ നിന്ന് ഞാൻ ഒരു സോണി ടിവി വാങ്ങി, 10ന് ഡെലിവറി ചെയ്തു, 11ന് സോണിയിൽ നിന്ന് ഇൻസ്റ്റാളേഷൻ ആൾ വന്നു, അയാൾ തന്നെ ടിവി അൺബോക്സ് ചെയ്തു, അതിനുള്ളിലെ തോംസൺ ടിവി കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. കൂടാതെ, സോണി ബോക്‌സും സ്റ്റാൻഡ്, റിമോട്ട് തുടങ്ങിയ ആക്‌സസറികളൊന്നും ബോക്സിൽ ഇല്ലായിരുന്നു’- എന്നായിരുന്നു ആര്യന്റെ പോസ്റ്റ്.

ഉടൻ തന്നെ ഫ്ലിപ്പ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് പ്രശ്‌നം ഉന്നയിച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും പരിഹാരമായില്ലെന്നും ആര്യൻ പറയുന്നു. ഫ്ലിപ്കാർട്ട് ആവശ്യപ്പെട്ട പ്രകാരം ഒന്നിലധികം തവണ ചിത്രങ്ങൾ അവർക്ക് അയച്ചു കൊടുത്തിട്ടും, കമ്പനി മറുപടി തന്നിട്ടില്ലെന്നാണ് യുവാവിന്റെ പരാതി. യുവാവിന്റെ പോസ്റ്റ് വൈറൽ ആയതോടെ ക്ഷമ ചോദിച്ച് ഫ്ലിപ്കാർട്ട് എക്‌സിൽ ക്ഷമാപണം നടത്തി. റിട്ടേൺ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട പരാതിയിൽ ക്ഷമാപണം ചോദിക്കുന്നുവെന്നും ഓർഡർ വിശദാംശങ്ങളുള്ള ഒരു സന്ദേശം അവർക്ക് അയക്കാനും ഫ്ലിപ്കാർട്ട് പോസ്റ്റിൽ പറഞ്ഞു.

ആര്യന്റെ പോസ്റ്റിനോട് പ്രതികരിച്ച് നിരവധി ഉപയോക്താക്കൾ സമാന രീതിയിലുള്ള അനുഭവങ്ങൾ എക്‌സിൽ പങ്കുവെച്ചു. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉപഭോക്താവിന് ബന്ധപ്പെടേണ്ട നമ്പറുകൾ മിക്ക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഇല്ല, ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ കർശനമായ നിയമങ്ങൾ വേണമെന്നുമാണ് പ്രതികരിച്ച ഭൂരിഭാഗം പേരുടെയും അഭിപ്രായങ്ങൾ.