മൃദുസമീപനം പാളി, നവീന്‍ പട്‌നായികിന്റെ ബിജെഡിയ്ക്ക് ബിജെപി വക കൊട്ട്; ആറ് തവണ കട്ടക്കില്‍ ബിജെഡി എംപിയായ ഭര്‍തൃഹരി മഹ്താബ് ബിജെപിയില്‍

ആറ് തവണ കട്ടക്ക് എംപിയായ ഭർതൃഹരി മഹ്താബ് രാജിവച്ച് ദിവസങ്ങൾക്കു ശേഷം ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് 67 കാരനായ മഹ്താബ് ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകും. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി വ്യതിചലിച്ചതിനെ തുടർന്ന് പാർ‌ട്ടി വിട്ടതെന്ന് വ്യക്തമാക്കിയ മഹ്താബ് കഴിഞ്ഞ‌യാഴ്ചയാണ് ബിജെഡി വിട്ടത്. കഴിഞ്ഞ മാസങ്ങളിൽ നിരവധി ബിജെഡി നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകാശ് മിശ്രയെ വൻ ഭൂരിപക്ഷ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മഹ്താബ് കട്ടക്ക് ലോക്‌സഭാ സീറ്റിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടത്. 1998ൽ കട്ടക്കിൽ നിന്നാണ് മഹ്താബ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1999, 2004, 2009, 2014, 2019 വർഷങ്ങളിൽ അദ്ദേഹം വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർലമെൻ്റിലെ മികച്ച പ്രകടനത്തിന് 2017 മുതൽ 2020 വരെ തുടർച്ചയായി നാല് വർഷത്തേക്ക് സൻസദ് രത്ന ലഭിച്ചു.

21 പാർലമെൻ്റ് മണ്ഡലങ്ങളുള്ള ഒഡീഷയിൽ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെഡിക്കാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത്. ബിജെഡി 12 സീറ്റുകൾ നിലനിർത്തി തൊട്ടു പിറകെ 8 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 147ൽ 113 സീറ്റുകളും ബിജെഡി നേടിയിരുന്നു. ബിജെപിക്ക് 23 സീറ്റും കോൺ​ഗ്രസിന് ഒമ്പത് സീറ്റും ലഭിച്ചു.

എന്‍ഡിഎയ്ക്ക് ഒപ്പം സഖ്യകക്ഷിയായി ഔദ്യോഗികമായി ചേര്‍ന്നില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാതെ ലോക്‌സഭയിലും രാജ്യസഭയിലും നരേന്ദ്ര മോദിയ്ക്കും ബിജെപിയ്്ക്കും അനുകൂല നിലപാട് സ്വീകരിക്കുന്ന നവീന്‍ പട്‌നായികിന് കടുത്ത തിരിച്ചടിയാണിത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ച് നില്‍ക്കാനുള്ള ചര്‍ച്ചകളും ഇരുപാര്‍ട്ടികളും നടത്തിയിരുന്നു.