യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. തന്നെ നിരന്തരമായി ശ്രീനിവാസ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും പാര്‍ട്ടിയില്‍ പലയിടങ്ങളിലും തന്നെ അവഗണിക്കുകയും ചെയ്തിട്ടുണ്ടെന്നും അങ്കിത ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്കാണ് അങ്കിതയെ പുറത്താക്കിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് അങ്കിതയെ പുറത്താക്കിയ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബി.വി ശ്രീനിവാസിനെതിരെ അങ്കിത അസമിലെ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയിരുന്നു. ബി.വി.ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പരാതിപ്പെട്ടാല്‍, പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു.
Read more
അങ്കിതയെ പുറത്താക്കിയ നടപടിയെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ‘ഇത് കോണ്‍ഗ്രസിന്റെ സ്ത്രീശാക്തീകരണ മാതൃകയാണ്’ എന്ന് അദ്ദേഹം പരിഹസിച്ച് ട്വീറ്റ് ചെയ്തു. അസം മുന്‍ മന്ത്രി അഞ്ജന് ദത്തയുടെ മകളാണ് അങ്കിത ദത്ത. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷനെതിരെ ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും നടപടി എടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കിത ദത്ത ചോദ്യം ചെയ്തു. ‘ഒരാള്‍ക്ക് എങ്ങനെയാണ് ഒരു സ്ത്രീയെ അപമാനിക്കാനും പാര്‍ട്ടിയെ നയിക്കാനും കഴിയുക?. പ്രിയങ്ക ഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലും എനിക്ക് വളരെ വിശ്വാസമാണുള്ളത്. അവര്‍ക്കെല്ലാം എന്തുപറ്റി?’, എന്നാണ് അങ്കിത ട്വീറ്റ് ചെയ്തത്.