ദില്ലി ചലോ മാര്‍ച്ച് അഞ്ചാം ദിവസത്തിലേക്ക്; നാലാംഘട്ട ചര്‍ച്ച ഞായറാഴ്ച ഛണ്ഡിഗഢില്‍

വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക സംഘടനകള്‍ നടത്തിവരുന്ന ദില്ലി ചലോ മാര്‍ച്ച് അഞ്ചാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരുമായി നാളെയും ചര്‍ച്ച നടക്കും.

അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ സുരക്ഷയാണ് പൊലീസും കേന്ദ്ര സേനയും ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തികള്‍ ബാരിക്കേഡുകളും വേലികളും ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നൂറുകണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. സമര രംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി കര്‍ഷക സംഘടനകള്‍ രംഗത്തെത്തുന്നുണ്ട്.

Read more

പഞ്ചാബിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നില്‍ ഭീരതീയ കിസാന്‍ യൂണിയന്‍ ഇന്ന് പ്രതിഷേധിക്കും. സംസ്ഥാനത്തെ ടോള്‍ പ്ലാസകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഛണ്ഡിഗഢില്‍ നാലാംഘട്ട ചര്‍ച്ച നടത്തുമെന്ന് കേന്ദ്രവും കര്‍ഷക സംഘടനകളും വ്യക്തമാക്കി.