മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചലും കൈവിട്ടു; രാജ്യതലസ്ഥാനത്ത് തകര്‍ന്നടിഞ്ഞ് ആം ആദ്മി പാര്‍ട്ടി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണംപിടിക്കാന്‍ ബിജെപി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ അടിയേറ്റ് ആം ആദ്മി പാര്‍ട്ടി. എഎപിയുടെ വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്ന് പോയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെ മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ഇത്തവണ ബിജെപിക്ക് അനുകൂലമായി വിധിയെഴുതി.

തുടര്‍ച്ചയായി 2015ലും 2020ലും ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ആണ്. ഈ വോട്ടര്‍മാര്‍ എതിരായതോടെ ആം ആദ്മി പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനായില്ല. മധ്യവര്‍ഗത്തിനും പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍ക്കും സ്വാധീനമുള്ള 25 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ ഭരണം ഉറപ്പിക്കുന്നത്.

ഡല്‍ഹിയില്‍ എഎപിയില്‍ നിന്ന് മന്ത്രിസ്ഥാനം അടക്കം രാജിവച്ച് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്. ബിജ്വാസന്‍ മണ്ഡലത്തില്‍നിന്നാണ് ഗെലോട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാത്രം ബാക്കിനില്‍ക്കെയാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി കൈലാഷ് ഗെലോട്ട് അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. ആഭ്യന്തരം, ഭരണപരിഷ്‌കാരം, ഐടി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നു ഗെലോട്ട്.