ഹാത്രാസ്; 'പ്രതികൾക്ക് നീതി' ആവശ്യപ്പെട്ട് ബി.ജെ.പി നേതാവിന്റെ വീട്ടിൽ യോഗം 

ഹാത്രാസിൽ 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന ജാതിക്കാരുടെ യോഗം. കൊല്ലപ്പെട്ട ദളിത് യുവതി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫോറൻസിക് സയൻസസ് ലബോറട്ടറിയിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് വന്നതിനെ തുടർന്നാണ് പ്രതികൾക്ക് നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധം.

ഇന്ന് രാവിലെ പ്രതികളിലൊരാളുടെ കുടുംബം ഉൾപ്പെടെ അഞ്ഞൂറോളം പേർ ഹാത്രാസിലെ ബി.ജെ.പി നേതാവ് രാജ്‌വീർ സിംഗ് പെഹെൽവന്റെ വീട്ടിൽ തടിച്ചുകൂടി. താൻ വ്യക്തി എന്ന നിലയിലാണ് യോഗത്തിൽ പങ്കാളിയായതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. അറസ്റ്റിലായ നാലുപേർക്കെതിരെ വ്യാജ കേസ് ചുമത്തിയിരിക്കുകയാണ് എന്ന് ആരോപിക്കുന്ന ഇവർ പ്രതികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. സെപ്റ്റംബർ 29 ന് ഡൽഹി ആശുപത്രിയിൽ വച്ച് യുവതി മരിച്ചതിനെ തുടർന്ന് കൊലപാതകക്കുറ്റവും ചുമത്തി.

യോഗം ചേർന്നത് പൊലീസിനെ അറിയിച്ചിട്ടാണ് എന്ന് സംഘാടകരിലൊരാൾ പറഞ്ഞു. യുവതിയുടെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നും പ്രതികൾക്കെതിരെ വ്യാജ കേസ് ചുമത്തിയിരിക്കുകയാണ് എന്നും ഇയാൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

Read more

നേരത്തെ പ്രതികളെ പിന്തുണച്ച് സവർണ സമാജ് എന്ന സംഘടന രംഗത്തെത്തിയിരുന്നു. പ്രതികളായ നാലുപേരും നിരപരാധികൾ ആണെന്ന് അവകാശപ്പെടുന്ന ഇവർ പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ധർണ നടത്തി​. ഇരയുടെ ഗ്രാമത്തിനടുത്തുള്ള ബാഗ്ന ഗ്രാമത്തിൽ വെള്ളിയാഴ്ച ഉയർന്ന ജാതിയിലുള്ളവർ പ്രതികൾക്ക് വേണ്ടി ധർണ ഇരിക്കുകയായിരുന്നു. സമാനമായി സവർണ പരിഷത്ത്’ എന്നറിയപ്പെടുന്ന ഒരു സംഘം ഉയർന്ന ജാതിക്കാരും നാല് പ്രതികളെ പിന്തുണച്ച്‌ മുന്നോട്ട് വന്നിരുന്നു.