ഐസിസിന് ആയുധവും പരിശീലനവും നൽകി വളർത്തിയത് ഒബാമയുടെ നിർദ്ദേശ പ്രകാരം സി.ഐ.എയോ?

ഒക്ടോബറിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐ.എസ്) നേതാവ് അബുബക്കർ അൽ ബാഗ്ദാദി അമേരിക്ക നടത്തിയ സൈനിക നടപടിയെ തുടർന്ന് മരണപെട്ടു എന്ന വാർത്തകൾ പുറത്തുവന്നു. ഇതിനു പിന്നാലെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചില പിന്തുണക്കാർ ഐസിസ് ഭീകരർക്ക് പരിശീലനം പണവും ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണെന്നുള്ള ആരോപണം വീണ്ടും പ്രചരിപ്പിക്കുകയാണ്.

ഒബാമയ്‌ക്കെതിരെ ഈ ആരോപണം ഡൊണാൾഡ് ട്രംപ് ആദ്യമായി ഉന്നയിക്കുന്നത് 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ്. അന്ന്‌, ഐസിസിന് ജന്മം നൽകിയത് തന്നെ ഒബാമയാണെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്. ഇതുകൂടാതെ “അണ്ടർക്കവർ” മുസ്ലിം ഭീകാരനായി വരെ ട്രംപ് ഒബാമയെ ചിത്രീകരിച്ചിരുന്നു.

ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഐസിസിന് പരിശീലനം നൽകാനും മറ്റുമായി സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയിരുന്നു എന്ന് ട്രംപിനെ പിന്തുണക്കുന്ന അമേരിക്കയിലെ തീവ്ര വലതുപക്ഷ അനുകൂലികളാണ് പ്രചരിപ്പിക്കുന്നത്. ന്യൂസ്പഞ്ച് എന്ന ഓൺലൈൻ മാധ്യമത്തിൽ 2015ൽ വന്ന ഒരു വാർത്താലേഖനമാണ് ഈ ആരോപണത്തിന് അടിസ്ഥാനമായി ട്രംപ് അനുകൂലികൾ ഉയർത്തിക്കാട്ടുന്നത്. യുവർ ന്യൂസ് വയർ എന്നറിയപ്പെട്ടിരുന്ന ന്യൂസ്പഞ്ച് വെബ്‌സൈറ്റ് ജങ്ക് ന്യൂസും യഥാർത്ഥ വാർത്തകളുടെ സെൻസേഷണലിസ്റ്റ് വികലങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ പേരുകേട്ട മാധ്യമമാണ്. “വിശദീകരിച്ച രേഖകൾ: ഐസിസിനെ പരിശീലിപ്പിക്കാൻ ഒബാമ സിഐഎയോട് ഉത്തരവിട്ടു.” എന്ന തലക്കെട്ടിൽ ആയിരുന്നു ന്യൂസ്പഞ്ച് ലേഖനം വന്നത്. അന്ന് പുറത്തുവന്ന രഹസ്യരേഖകളെ ആധാരമാക്കിയാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയതെന്ന് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

Read more

എന്നാൽ ന്യൂസ്പഞ്ചിന്റെ വാർത്ത വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി അമേരിക്കൻ പ്രസിദ്ധീകരണങ്ങളും പിന്നീട് നിലപാടെടുത്തിരുന്നു. വാസ്തവത്തിൽ ടിംബർ സിക്കമോർ എന്ന സി.ഐ.എ പ്രോഗ്രാം വഴി സിറിയയിൽ ബശർ അൽ അസദിന്റെ ഭരണത്തിനെതിരെ പോരാടുന്ന റിബലുകൾക്കാണ് അമേരിക്ക ആയുധവും പണവും പരിശീലനവും നൽകിയത്. എന്നാൽ ഈ ആയുധങ്ങളിൽ ചിലത് ഐസിസ് ഭീകരുടെ കൈകളിലേക്ക് എത്തിയിരുന്നു. സിറിയൻ വിമതരെ സ്വാധീനിച്ചും മിക്കപ്പോഴും പിടിച്ചുപറിച്ചുമാണ് ഐസിസ് അമേരിക്ക നൽകിയ ഈ ആയുധങ്ങൾ കരസ്ഥമാക്കിയത്. ചുരുക്കത്തിൽ ഐസിസിന്റെ കൈകളിലേക്ക് ആയുധങ്ങൾ എത്തിയത് അമേരിക്കയുടെയോ ഒബാമയുടേയുടെയോ തീരുമാനപ്രകാരമായിരുന്നില്ല. മാത്രമല്ല, ഐസിസ് ഭീകരർക്കെതിരെ പോരാടാനായി സിറിയൻ വിമതരെ ഉപയോഗിച്ച് മറ്റൊരു പ്രോഗ്രാമിനും അമേരിക്ക രൂപം നൽകിയിരുന്നു. കൂടാതെ, ഒബാമ ഐസിസിന് പരിശീലനവും പണവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയിരുന്നു എന്ന ആരോപണത്തിന് ട്രംപിന്റെ കൈയിലോ അദ്ദേഹത്തിന്റെ അനുകൂലികളുടെ കൈയിലോ വസ്തുനിഷ്ഠമായ തെളിവൊന്നും ഇല്ലതാനും. അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പഴയ ആരോപണങ്ങൾ പുതിയ കുപ്പിയിലാക്കി ട്രംപും കൂട്ടരും പ്രചരിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.