കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി മൂന്ന് ശതമാനം കൂട്ടി. 18.44 ശതമാനത്തില്‍ നിന്നും 21.17 % ആയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കര്‍ണാടകയില്‍ ഒരു ലിറ്റര്‍ ഡീസലിന് രണ്ടുരൂപ വര്‍ധിച്ചു.
ഡീസല്‍ വില ലിറ്ററിന് 91.09 പൈസയായി. അതേസമയം പെട്രോള്‍ വിലയില്‍ വര്‍ധനവില്ല. വര്‍ദ്ധിപ്പിച്ചാലും ഡീസലിന്റെ വില അയല്‍ സംസ്ഥാനങ്ങളിലേക്കാള്‍ കുറവാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍, വില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഗതാഗത നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് അവസാനമായി കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധനവ് ഉണ്ടായത്. അന്ന് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വര്‍ധിപ്പിച്ചിരുന്നു.
പൊതുജനങ്ങളെ ബാധിക്കുന്ന വിവിധ കാര്യങ്ങളില്‍ അടിക്കടി സര്‍ക്കാര്‍ വില ഉയര്‍ത്തുന്നത് ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കര്‍ണാടക ആര്‍ടിസി ബസുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ മെട്രോ നിരക്കും ഉയര്‍ത്തിയിരുന്നു.
Read more
കെഎസ്ആര്‍ടിസിയില്‍ 15 ശതമാനം നിരക്കുവര്‍ധനയാണ് നടപ്പായത്. ഗതാഗത വകുപ്പിന് കീഴിലുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(കെ.എസ്.ആര്‍.ടി.സി.), നോര്‍ത്ത് വെസ്റ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(എന്‍.ഡബ്ല്യു.കെ.ആര്‍.ടി.സി.), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(കെ.കെ.ആര്‍.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) എന്നീ മൂന്നു കോര്‍പ്പറേഷന്റെ ബസുകളിലും നിരക്കു വര്‍ധന നിലവില്‍ വന്നു.കോര്‍പ്പറേഷനുകളുടെ എല്ലാ തരം ബസുകളിലും നിരക്കുവര്‍ധനയുണ്ട്.