ബംഗാളില്‍ പൗരത്വ പട്ടിക നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബി.ജെ.പി

പശ്ചിമബംഗാളില്‍ പൗരത്വ പട്ടിക നടപ്പാക്കാനന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. എന്‍.ആര്‍.സി ഭാവിയില്‍ നടക്കേണ്ട കാര്യമാണ്. എന്നാല്‍ ബംഗാളില്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പട്ടിക ബംഗാളില്‍ ഒഴിച്ചുകൂടാനാവില്ലെന്ന് ഒരു വര്‍ഷം മുന്‍പ് ദിലീപ് ഘോഷ് പ്രസ്താവന നടത്തിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നിടത്തോളം കാലം ദേശീയ പൗത്വ പട്ടിക (എന്‍.ആര്‍സി)യോ പൗരത്വ ഭേഗതി ബില്ലോ പശ്ചിമബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. എന്‍.ആര്‍.സിയും പൗരത്വ ഭേദഗതി ബില്ലും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. എന്നാല്‍, എന്‍.ആര്‍.സിയോ പൗത്വ ഭേദഗതി ബില്ലോ ഓര്‍ത്ത് ആശങ്ക വേണ്ട. ബംഗാളില്‍ ഇത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞിരുന്നു.

നേരത്തേ, എന്‍.ആര്‍.സിക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമാണ് വേണ്ടതെന്നും താന്‍ അതിന് നേതൃത്വം നല്‍കാമെന്നും മമത പറഞ്ഞിരുന്നു. “ഈ പ്രസ്ഥാനം (മൂവ്‌മെന്റ്) രണ്ടാം സ്വാതന്ത്ര്യ സമരമായി മാറണം. പൊരുതേണ്ടത് നിര്‍ബന്ധമാണ്. നമ്മള്‍ പൊരുതും. ഇത് അവസാനിപ്പിക്കാനുള്ള യുദ്ധമാണ്. നമ്മള്‍ എന്നും വഴി കാണിച്ചിട്ടുണ്ട്. നമ്മള്‍ അതു വീണ്ടും ചെയ്യും… മുന്നില്‍ നിന്നു തന്നെ” – മമത പറഞ്ഞു.