കിഴക്കന്‍ ലഡാക്കില്‍ നിന്നും സംയുക്ത സൈനികപിന്മാറ്റം ആരംഭിച്ചു; ദേസ്പാംഗില്‍ ഇന്ത്യന്‍ സൈന്യം പട്രോളിംഗ് തുടങ്ങി; ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് വിദേശകാര്യമന്ത്രി

ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കില്‍ നിന്നും സൈനികപിന്മാറ്റം ആരംഭിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കും വിധമുള്ള സൈനിക പിന്മാറ്റമാണ് നടക്കുന്നത്. കുറച്ച് നാളുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും അസ്വാസ്ഥ്യജനകമായിരുന്നുവെന്നും ബ്രിസ്‌ബെയ്‌നിലെ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ഥ നിയന്ത്രണരേഖയില്‍ വലിയ തോതിലുള്ള സൈനികവിന്യാസമാണ് ചൈന നടത്തിയിരുന്നത്. 2020നു മുമ്പ് ഇത്രയും സൈനികര്‍ അവിടെ ഇല്ലായിരുന്നു. ഇതേത്തുടര്‍ന്നാണ് മേഖലയില്‍ സൈനികവിന്യാസത്തിന് ഇന്ത്യയും നിര്‍ബന്ധിതമായതെന്ന് അദേഹം വ്യക്തമാക്കി.

കിഴക്കന്‍ ലഡാക്കിലെ ദോംചോക്, ദെസ്പാംഗ് മേഖലയില്‍ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുന്നത് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകമാണു വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദേസ്പാംഗില്‍ ഇന്ത്യന്‍ സൈന്യം പട്രോളിംഗ് തുടങ്ങിയെന്നും അദേഹം പറഞ്ഞു. സൈനിക പിന്മാറ്റം സ്വാഗതം ചെയ്യേണ്ട ഒന്നാണ്. കാരണം, മറ്റു വഴികളും അത് തുറന്നുനല്‍കുമെന്നും അദേഹം പറഞ്ഞു.