മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഡി.കെ ശിവകുമാര്‍; വിട്ടുകൊടുക്കാതെ സിദ്ധരാമയ്യയും, കര്‍ണാടകയില്‍ ഇന്ന് നിർണായകം

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് നാലാം ദിവസത്തിലും കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകുമെന്ന സസ്‌പെന്‍സ് തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും ഒരു തീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ല.

തന്നെ മുഖ്യമന്ത്രി ആക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ഡി.കെ ശിവകുമാര്‍. താന്‍ സാധാരണ എംഎല്‍എയായി പ്രവര്‍ത്തിക്കാമെന്ന് ഇന്നലെ ഖര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡി.കെ ശിവകുമാര്‍ അറിയിച്ചതായാണ് വിവരം.

സിദ്ധരാമയ്യക്കും ശിവകുമാറിനും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് തീരുമാനമുണ്ടെങ്കിലും ആദ്യം ആര് മുഖ്യമന്ത്രിയാകും എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഈ വിഷയത്തില്‍ സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും.

ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് ഖര്‍ഗെയ്ക്കും രാഹുലിനും താല്‍പര്യം. സിദ്ധരാമയ്യ മുഖ്യമന്ത്രി ആകാതിരിക്കാന്‍ ഖര്‍ഗെയോട് സ്ഥാനം ഏറ്റെടുക്കാനും ശിവകുമാര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷ പിന്തുണ പരിഗണിച്ച് തന്നെ മുഖ്യമന്ത്രിയാക്കണം എന്നാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്.

Read more

ഹൈക്കമാന്‍ഡ് തീരുമാനം എടുത്താല്‍ ബെംഗളൂരുവില്‍ നിയമസഭാകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായായി പ്രഖ്യാപിക്കും. വ്യാഴാഴ്ച സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നെങ്കിലും വൈകാനാണ് സാധ്യത.