ഇത് ബിജെപിയുടെ വര്‍ഗീയ അജണ്ട; വഖഫിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കും; പാര്‍ട്ടികള്‍ മുസ്ലീം പൗരന്മാരെ നിരാശരാക്കരുത്; എംപിമാര്‍ ബില്ലിനെ പിന്തുണക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്നും ഒരു സാഹചര്യത്തിലും അനുകൂലമായി വോട്ട് ചെയ്യരുതെന്നും രാഷ്ട്രീയ പാര്‍ട്ടികളോട് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ഇത് ബിജെപിയുടെ വര്‍ഗീയ അജണ്ടയാണ്, അതു തടയുന്നതിന് അതിനെതിരെ വോട്ട് ചെയ്യണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്‌മാനി ആവശ്യപ്പെട്ടു. വഖഫ് നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താനും വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനും നശിപ്പിക്കാനും വഴിയൊരുക്കുകയാണ് ഈ ബില്ലിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും അദേഹം പറഞ്ഞു.

ഈ ഭേദഗതി പാസായാല്‍, വഖഫ് സ്വത്തുക്കളില്‍ നിയമവിരുദ്ധമായ സര്‍ക്കാര്‍, സര്‍ക്കാരിതര അവകാശവാദങ്ങള്‍ വര്‍ധിക്കും, ഇത് കലക്ടര്‍മാരും ജില്ലാ മജിസ്ട്രേറ്റുകളും അവ പിടിച്ചെടുക്കുന്നത് എളുപ്പമാക്കും. വഖഫ് ബോര്‍ഡുകളിലും കേന്ദ്ര വഖഫ് കൗണ്‍സിലിലും മുസ്ലീംകളല്ലാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ കുറക്കുന്നതിനും ഈ ഭേദഗതികള്‍ കാരണമാകും.

അരാജകത്വവും കുഴപ്പങ്ങളും സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ കൈകളിലാണ് നിലവില്‍ രാഷ്ട്രം. അതിനാല്‍ 2024ലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഓരോ പാര്‍ട്ടിയും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് മുസ്ലീം പൗരന്മാരെ നിരാശരാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി റഹ്‌മാനി പറഞ്ഞു.

അതേസമയം, വഖഫ് നിയമ ഭേദഗതി ബില്‍ അവതരണത്തിനിടെ ഭരണപക്ഷത്ത് നിന്നും എത്ര പ്രകോപനം ഉണ്ടായാലും സഭവിടെരുതെന്ന് നിര്‍ദേശം നല്‍കി പ്രതിപക്ഷം.
ചര്‍ച്ചയില്‍ പൂര്‍ണമായി പങ്കെടുത്തതിനുശേഷം എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി.

എന്തു പ്രകോപനമുണ്ടായാലും ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോകുകയോ മാറിനില്‍ക്കുകയോ ചെയ്യില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നിന്ന് ബില്ലിനെ പരാജയപ്പെടുത്തണം എന്ന് ഖര്‍ഗെ പറഞ്ഞു. കേരളത്തില്‍ കത്തോലിക്ക സഭ ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ തള്ളി എല്ലാ കോണ്‍ഗ്രസ് എംപിമാരും ബില്ലിനെ എതിര്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

May be an image of text

ബില്ലുമായി ബന്ധപ്പെട്ട് എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. ബുധന്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും പാര്‍ട്ടിയുടെ എല്ലാ എംപിമാരും ഹാജരായിരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയില്‍ അവതരിപ്പിക്കും. ബില്ലിന്മേല്‍ 8 മണിക്കൂര്‍ ചര്‍ച്ച നടക്കും. ഭയില്‍ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി രാവിലെ 9.30ന് പാര്‍ട്ടി എംപിമാരുടെ യോഗം കോണ്‍ഗ്രസ് വിളിച്ചുകൂട്ടി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ സിപിഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. ജെപിസി പരിഗണിച്ച ഭരണപക്ഷ നിര്‍ദേശങ്ങള്‍ മാത്രം അടങ്ങിയ ബില്ലാണ് നാളെ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.

പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബില്‍ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല.