എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒരുപോലെയാണെന്ന് അഭിപ്രായപ്പെട്ട ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് ഇസ്‌ലാം ഇന്ത്യയിൽ അപകടത്തിലാണെന്ന ഭയത്തിൽ കുടുങ്ങിപ്പോകരുതെന്ന് മുസ്ലിങ്ങളോട് ആവശ്യപ്പെട്ടു.
“”ഹിന്ദുസ്ഥാനി ഫസ്റ്റ്, ഹിന്ദുസ്ഥാൻ ഫസ്റ്റ് “” എന്ന വിഷയത്തിൽ മുസ്ലിം രാഷ്ട്ര മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ച അദ്ദേഹം, ആളുകളെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനാവില്ലെന്ന് പറഞ്ഞു.
ആൾക്കൂട്ട ആക്രമണങ്ങൾ നടത്തുന്നവർ ഹിന്ദുത്വത്തിന് എതിരാണ് എന്നും മോഹൻ ഭാഗവത് പറഞ്ഞു. ചിലപ്പോഴെല്ലാം ആളുകൾക്കെതിരെ വ്യാജ ആൾക്കൂട്ട ആക്രമണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും മോഹൻ ഭാഗവത് പറഞ്ഞു.
“ഇന്ത്യയിൽ ഇസ്ലാം അപകടത്തിലാണെന്ന ഭയത്തിന്റെ ചക്രത്തിൽ കുടുങ്ങരുത്,” അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
രാജ്യത്ത് ഐക്യമില്ലാതെ വികസനം സാധ്യമല്ലെന്ന് പറഞ്ഞ ആർഎസ്‌എസ് മേധാവി ഐക്യത്തിന്റെ അടിസ്ഥാനം ദേശീയതയും പൂർവ്വികരുടെ മഹത്വവുമാകണമെന്ന് ഊന്നിപ്പറഞ്ഞു.
ഹിന്ദു-മുസ്ലിം സംഘർഷത്തിനുള്ള ഏക പരിഹാരം ചർച്ചകളാണ്, വിയോജിപ്പല്ല, അദ്ദേഹം പറഞ്ഞു.
“ഹിന്ദു-മുസ്ലിം ഐക്യം എന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്, കാരണം അവ വ്യത്യസ്തമല്ല, മറിച്ച് ഒന്നാണ്. മതം ഏതായലും എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒരുപോലെയാണ്,” മോഹൻ ഭാഗവത് പറഞ്ഞു.
“ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഹിന്ദുക്കളുടെയോ മുസ്ലിംങ്ങളുടെയോ ആധിപത്യം അല്ല ഉണ്ടാവേണ്ടത്. ഇന്ത്യക്കാരുടെ ആധിപത്യം ആണ് ഉണ്ടാകേണ്ടത്.”
Read more
ആർ.എസ്.എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ലെന്നും പ്രതിച്ഛായ നിലനിർത്തുന്നതിനെക്കുറിച്ച് അത് ചിന്തിക്കുന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമത്തിനുമായാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.