പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നു; മോദി-ബില്‍ഗേറ്റ്‌സ് അഭിമുഖം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ദൂരദര്‍ശനിലെ സംപ്രേഷണം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിര്‍ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിസിനസ് പ്രമുഖന്‍ ടെക്‌നോക്രാറ്റുമായ ബില്‍ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഭിമുഖം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതാണ് തടഞ്ഞിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ അഭിമുഖം തടഞ്ഞിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി സംപ്രേക്ഷണംചെയ്യുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും. ഈ വിവരം അനൗദ്യോഗികമായി കമ്മീഷന്‍ പ്രസാര്‍ഭാരതിയെ അറിയിച്ചുവെന്നാണ് ദേശയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അഭിമുഖം പ്രദര്‍ശിപ്പിക്കാന്‍ പ്രസാര്‍ഭാരതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ആവശ്യം കമ്മീഷന്‍ നിരാകരിച്ചതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ, ‘കേരള സ്‌റ്റോറി’ സിനിമ ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നു. സിപിഎം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാലും കഴിഞ്ഞ ദിവസം സിനിമ ദൂരദര്‍ശന്‍ പ്രദറശിപ്പിച്ചിരുന്നു.