ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി; രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മുകാശ്മീരിലെ രജൗരിയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. രണ്ടു സൈനികർ വീരമൃത്യു വരിച്ചു. ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടയിൽ ഭീകരരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

ആക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ചിൽ ആർമി ട്രക്ക് ആക്രമിച്ച് 5 സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേ സമയം രജൌരിയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

Read more

കഴിഞ്ഞ ദിവസം  ബാരാമുള്ളയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചിരുന്നു.