കണ്‍മുന്നില്‍ മരണം എത്തിയിട്ടും കുട്ടികളെ മറന്നില്ല; സ്‌കൂള്‍ ബസ് പാര്‍ക്ക് ചെയ്ത ശേഷം മരണത്തിന് കീഴടങ്ങി സോമലയപ്പന്‍

തമിഴ്‌നാട്ടില്‍ 20 കുട്ടികളുടെ ജീവന്‍ രക്ഷിച്ച ശേഷം സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ മരിച്ചത്. വെള്ളക്കോവില്‍ കെസിപി നഗര്‍ സ്വദേശിയായ സോമലയപ്പന്‍ ആണ് മരിച്ചത്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന കുട്ടികള്‍ സുരക്ഷിതരാണ്.

സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടയില്‍ സോമലയപ്പന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എന്നാല്‍ മരണ വേദനയിലും ബസിലെ യാത്രക്കാരായ കുട്ടികളെ സോമലയപ്പന്‍ മറന്നില്ല. വേദന സഹിച്ചുകൊണ്ട് സോമലയപ്പന്‍ ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്തു. തുടര്‍ന്ന് ബസിന്റെ സീറ്റിലിരുന്ന് അയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read more

മരണ വേദനയിലും സോമലയപ്പന്‍ ഭയപ്പെട്ടത് കുട്ടികളെ കുറിച്ചായിരുന്നു. ബസില്‍ സഹായിയായി ജോലിനോക്കുന്ന ലളിതയാണ് സോമലയപ്പന്റെ ഭാര്യ. മരണത്തിലും കുട്ടികളുടെ ജീവന് പ്രഥമ പരിഗണന നല്‍കിയ സോമലയപ്പന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.