മാവോയിസ്റ്റ് ഭീകരബന്ധം ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ നാല്‍പതിലേറെ രേഖകള്‍ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായി യു.എസ് ഫോറന്‍സിക് ലബോറട്ടറി. പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചനയെന്ന രീതിയിലുള്ള രേഖകള്‍ ഇദേഹത്തിന്റെ ലാപ്‌ടോപ്പില്‍ ഹാക്കര്‍മാര്‍ സൃഷ്ടിച്ചതാണെന്നാണ് കണ്ടെത്തല്‍.
ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ കഴിയവെ രോഗം ബാധിച്ച് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മരിച്ചു.ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഹൃദയസ്തംഭനംമൂലം മരിക്കുകയും ചെയ്തു.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായിനടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ റാഞ്ചിയില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റു ചെയ്തത്. 2020 ഒക്ടോബറില്‍ ആയിരുന്നു അറസ്റ്റ്. റാഞ്ചിയില്‍ ആദിവാസികള്‍ക്കിടയില്‍ സ്വാമി പ്രവര്‍ത്തിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.
സ്റ്റാന്‍ സ്വാമിയും അറസ്റ്റിലായ മറ്റുള്ളവരും തമ്മില്‍ നടത്തിയെന്നു പറയുന്ന ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കുമെതിരെ എന്‍.ഐ.എ 2020ല്‍ ഭീകരവാദ കുറ്റമടക്കം ചുമത്തിയത്. 2019ല്‍ എന്‍ഐഎ സ്വാമിയുടെ വസതി റെയ്ഡ് ചെയ്ത ദിവസം വരെ ഹാക്കറുടെ പ്രവര്‍ത്തനമുണ്ടായിരുന്നു.
Read more
കേസിലെ വന്‍ ചതിയാണ് നടന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരായ റോണ വില്‍സന്റെയും സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെയും കമ്പ്യൂട്ടറുകളില്‍ ഇതേ മാതൃകയില്‍ നുഴഞ്ഞുകയറി രേഖകള്‍ എത്തിച്ചതായുള്ള ആഴ്‌സനലിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മൂവരെയും ഒരേ ഹാക്കറാണ് ലക്ഷ്യമിട്ടതെന്നും പറയുന്നു. തന്റെ കമ്പ്യൂട്ടറില്‍ കയറിക്കൂടിയ രേഖകളെല്ലാം നിഷേധിച്ച സ്റ്റാന്‍ സ്വാമിക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് സത്യം തെളിയിക്കാന്‍ ആഴ്‌സനല്‍ ലാബിനെ സമീപിച്ചത്.