ഗോതമ്പ് മാവിന്റെ കയറ്റുമതിയും നിരോധിച്ചു

രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് നടപടി എന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഗോതമ്പ് മാവിന്റെ കയറ്റുമതിയും നിയന്ത്രിച്ചിരിക്കുന്നത്. ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയില്‍ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു.

ആഭ്യന്തര വില കുതിച്ചുയര്‍ന്നതോടെ കേന്ദ്രം മെയ് 13 നാണ് ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. എന്നാല്‍ ഈ നിരോധനം മറികടക്കാന്‍ അസാധാരണമായ അളവില്‍ ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ നീക്കം.

Read more

2022 ഏപ്രിലില്‍ ഇന്ത്യ ഏകദേശം 96,000 ടണ്‍ ഗോതമ്പ് മാവ് കയറ്റുമതി ചെയ്തിട്ടുണ്ട്. 2021 ഏപ്രിലില്‍ ഇത് 26,000 ടണ്ണായിരുന്നു. ഗോതമ്പ് മാവ് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ കൂടിയിട്ടുണ്ട്.