ലൈംഗികാതിക്രമത്തിന് ശ്രമിച്ച പിതാവിനെ വെട്ടിക്കൊന്നു; പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍

ലൈംഗിക അതിക്രമത്തിന് ശ്രമിച്ച പിതാവിനെ പ്രായപൂര്‍ത്തിയാകാത്ത മകളും സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം.

തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവായ ബിഹാര്‍ സ്വദേശി ദീപകിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയും സുഹൃത്തുക്കളുമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് തെളിഞ്ഞു.

45കാരനായ ദീപക് കാര്‍ഷിക സര്‍വകലാശാല ജി.കെ.വി.കെ ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. ആദ്യ ഭാര്യ ബിഹാറിലാണ്. രണ്ടാം ഭാര്യയ്ക്കും 2 പെണ്‍മക്കള്‍ക്കും ഒപ്പമാണ് ദീപക് താമസിച്ചിരുന്നത് എന്നും ഇന്ത്യ ടുഡെ റിപ്പേര്‍ട്ട് ചെയ്തു. കോളേജ് വിദ്യാര്‍ഥിയായ മൂത്ത മകളെ ദീപക് മുന്‍പും ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ദീപകും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.

Read more

മദ്യപിച്ചെത്തിയ പിതാവ് വീണ്ടും ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് വിവരം. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.