'മരണഭയത്താൽ ജീവന് വേണ്ടി കേഴുന്ന രേണുകസ്വാമി'; കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപുള്ള ചിത്രങ്ങൾ പുറത്ത്

വനിതാ സുഹൃത്തിന് അശ്ലീലസന്ദേശമയച്ചതിൻ്റെ പേരിൽ കന്നഡ സൂപ്പർതാരം ദർശൻ തൊഗുദീപ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവർ രേണുകസ്വാമിയുടെ മരണത്തിന് തൊട്ടുമുൻപുള്ള ചിത്രങ്ങൾ പുറത്ത്. ഇന്ത്യാ ടുഡേ ടിവിയാണ് രണ്ട് ചിത്രങ്ങൾ പുറത്തുവിട്ടത്. ഒന്നിൽ പ്രാണഭയത്തോടെ യാചിക്കുന്ന രേണുകസ്വാമിയെയാണ് കാണുന്നത്. രണ്ട് ചിത്രങ്ങളിലും സ്വാമി ഷർട്ട് ധരിച്ചിട്ടില്ല. ദേഹത്ത് അടിയേറ്റ പാടുകളുമുണ്ട്.

രേണുക സ്വാമിയുടെ പിറകുവശത്തായി ട്രക്കുകൾ പാർക്ക് ചെയ്‌തിരിക്കുന്നതും കാണാം. ദർശന്റെ കടുത്ത ആരാധകനായ രേണുകസ്വാമിയുടെ മൃതദേഹം ജൂൺ 9നാണ് സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തിയത്. ദർശൻ്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദ്ദേശപ്രകാരം ജൂൺ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മരിക്കുന്നതിനു മുൻപ് രേണുക സ്വാമിക്ക് ക്രൂരമർദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വാമിയെ മരത്തടികൾ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്‌തു. തലയിലും വയറിലുമടക്കം മുറിവുകൾ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയിൽ കന്നഡ നടൻ ദർശനും നടി പവിത്രയുമടക്കം 17 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. ദർശൻ രണ്ടാംപ്രതിയാണ്.

Read more