ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യന്‍ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചുളള അദാനിയുടെ കുറിപ്പിന് മറുപടിയുമായി അമേരിക്കന്‍ ഗവേഷണസ്ഥാപനം. തട്ടിപ്പ് തട്ടിപ്പ് തന്നെയാണെന്നും ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ലെന്നും അദാനിക്ക് മറുപടി നല്‍കി ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.
ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ വ്യക്തമാക്കുന്നു.
തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും രാജ്യത്തിനെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നുമാണ് 413 പേജുള്ള വിശദമായ മറുപടിയില്‍ അദാനി ഗ്രൂപ്പ് പറഞ്ഞത്.
ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിലെ പിഴവുകളും പരസ്പരവൈരുദ്ധ്യവുമെല്ലാം ഒന്നുകില്‍ മനപൂര്‍വമായി സംഭവിച്ചതോ അല്ലെങ്കില്‍ പൂര്‍ണമായ അജ്ഞതയില്‍ നിന്നുണ്ടായതോ ആണ്.
തെറ്റായ കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി പല പൊതുരേഖകളേയും ഹിന്‍ഡന്‍ബര്‍ഗ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഉദ്ധരിക്കുകയും കൃത്രിമമായി അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ നിയമവും അക്കൗണ്ടിംഗ് തത്വങ്ങളും അവഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.