ഗൗരി ലങ്കേഷിനെയും എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയ കേസ്; വിചാരണയ്ക്ക് പ്രത്യേക കോടതി; നിര്‍ദ്ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി

ഗൗരി ലങ്കേഷിനെയും എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവിയും കേസ് പരിഗണിക്കുന്നതിലെ കാലതാമസത്തെ കുറിച്ച് തന്നെ അറിയിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ഇതേ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ തീരുമാനം.

കേസ് പരിഗണിക്കാന്‍ മുഴുവന്‍ സമയ ജഡ്ജിയോടുകൂടിയ പ്രത്യേക കോടതി സ്ഥാപിക്കണമെന്നാണ് കവിത ലങ്കേഷും ഉമാദേവിയും ആവശ്യപ്പെട്ടത്. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2015ല്‍ ആയിരുന്നു എംഎം കല്‍ബുര്‍ഗിയെ വധിച്ചത്.

കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ സംഘം തന്നെയാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2017 സെപ്റ്റംബര്‍ 5ന് ആയിരുന്നു ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ ഗൗരി ലങ്കേഷ് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Read more

ഇരുവരെയും കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ബൈക്ക് നല്‍കിയത് ഒരാളാണെന്ന് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളായ അമിത് ബഡ്ഡി, മനോഹര്‍ എഡ്വേ എന്നിവര്‍ക്ക് കല്‍ബുര്‍ഗി വധക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇരു കൊലപാതകങ്ങളിലെയും പ്രധാന കുറ്റവാളി അമോല്‍ കാലെയാണ്.