സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകള്‍ക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍ നീക്കം; വ്യാജന്മാര്‍ക്കെതിരെ നിയമ നടപടിയ്ക്ക് ആവശ്യമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിന് നിര്‍ദ്ദേശം

വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം. വ്യാജ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആവശ്യമായ നയരൂപീകരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ യൂട്യൂബിന് നിര്‍ദ്ദേശം നല്‍കി. ഇതിനായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ക്ക് മുകളിലായി നോട്ട് വെരിഫൈഡ് എന്ന് മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു. വ്യാജ വാര്‍ത്തകളും നിയമ വിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിനായി ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ കുട്ടികളുടെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്താന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാനും കേന്ദ്ര ഐടി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒക്ടോബര്‍ 22ന് മുന്‍പ് നല്‍കാനാണ് ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അതേ സമയം കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം, പോണോഗ്രഫി തുടങ്ങിയവ ഉള്‍പ്പെടുന്ന ഉള്ളടക്കങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടെലിഗ്രാം, യൂട്യൂബ്, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഐടി മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുണ്ട്.