നൈറ്റ് ലൈഫിന് നിറം നല്‍കാന്‍ സര്‍ക്കാര്‍; പുലര്‍ച്ചെ ഒരു മണി വരെ ബാറുകളിലും ക്ലബ്ബുകളിലും മദ്യം വിളമ്പാന്‍ തീരുമാനം

കര്‍ണാടകയില്‍ പുലരും വരെ ഹോട്ടലുകളിലും ബാറുകളിലും മദ്യം വിളമ്പാന്‍ അനുമതി. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ആഘോഷങ്ങളുടെ സമയം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഹോട്ടലുകളും ക്ലബ്ബുകളും ബാറുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയത്.

ബൃഹദ് ബംഗളൂരു മഹാനഗര പാലികയ്ക്ക് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബഡ്ജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. നഗരവികസന വകുപ്പ് പ്രഖ്യാപനം അംഗീകരിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനമായത്. ക്ലബ്ബുകള്‍, ബാറുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവയ്ക്ക് പുലര്‍ച്ചെ ഒരു മണി വരെയാണ് പ്രവര്‍ത്തനാനുമതി.

മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ബഡ്ജറ്റില്‍ എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2016ലും സമാനമായ തീരുമാനം എടുത്തെങ്കിലും ജനവികാരം എതിരായതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.