ഹത്രാസ് കൂട്ട ബലാത്സംഗ കൊലപാതക കേസ് അന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് സമർപ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായതായി ഇന്നലെ എസ്ഐടി അറിയിച്ചിരുന്നു.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി, ഡിഎസ്പി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ സസ്‌പെൻഡ് ചെയ്തത്. പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ അന്വേഷണഘട്ടത്തിൽ എസ്‌ഐടി പുറത്തു വിട്ടത് വിവാദമായിരുന്നു. അതേസമയം പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് സിബിഐ കണ്ടെത്തിയ ചോരപുരണ്ട വസ്ത്രം ഫോറൻസിക് പരിശോധനക്ക് അയക്കും.
സുരക്ഷാ ഭീഷണിയുള്ളതിനാൽ ഹത്രാസിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറാൻ സഹായിക്കണമെന്നും കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് യു പി കോടതിയിൽ നൽകാതെ സിബിഐ സുപ്രീംകോടതിയിൽ നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
Read more
കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് അന്വേഷണ മേൽനോട്ടത്തിന് റിട്ട. സുപ്രീംകോടതിയെ ജഡ്ജിയെ നിയമിക്കാനുള്ള സാദ്ധ്യതയും ഉണ്ട്. അന്വേഷണം കോടതി മേൽനോട്ടത്തിൽ നടത്തണമെന്നാണ് ഇപ്പോൾ യുപി സർക്കാരിന്റെയും ആവശ്യം. ഈ കേസിലെ ഉത്തരവ് തിങ്കളാഴ്ച ഉണ്ടായേക്കും.