ലഖ്‌നൗ ലുലുമാളിന് മുന്നില്‍ ഹിന്ദുമഹാസഭയുടെ വന്‍ പ്രതിഷേധം

ഒരാഴ്ച മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ലഖ്‌നൗ ലുലുമാളിന് മുന്നില്‍ ഹിന്ദുമഹാസഭയുടെ വന്‍ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹിന്ദുമഹാസഭയുടെ ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാവി പതാകകള്‍ ഉയര്‍ത്തി, മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ എത്തിയത്. മാളിന്റെ പുറത്ത് കനത്ത പൊലീസ് വിന്യാസവും ബാരിക്കേഡുകളും പ്രതിഷേധക്കാരെ നേരിടാന്‍ സജ്ജമാക്കിയിരുന്നു.

മാളിനുള്ളില്‍ ചിലര്‍ നമസ്‌കരിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ പൊട്ടിപുറപ്പെട്ടത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മാളിന്റെ പ്രവേശന കവാടത്തിന് പുറത്ത് സുന്ദര്‍ കാണ്ഡം പാരായണം ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സെക്ഷന്‍ 144 ലംഘിച്ചതിന് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ലുലുമാളിന് അകത്ത് നിസ്‌കരിച്ചവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ലുലു ഗ്രൂപ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഹിന്ദു സംഘടന പരാതി നല്‍കിയതിന് പിന്നാലെയാണ് അധികൃതരും പരാതി നല്‍കിയിരിക്കുന്നത്. മാളിനകത്ത് ഒരു മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയും അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.