ഹിന്ദു ദേശീയവാദത്തിന് രാജ്യത്തെ തകര്‍ക്കാന്‍ ശേഷി, പക്ഷേ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും; അരുന്ധതി റോയ്

ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യം വളരെ നിരാശാജനകമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഹിന്ദു ദേശീയവാദത്തിന് രാജ്യത്തെ തകര്‍ക്കാനുള്ള ശേഷിയുണ്ടെന്നും എന്നാല്‍ മോദിയുടെ ഫാസിസത്തെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും അരുന്ധതി റോയ് പറഞ്ഞു. ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി റോയ് ഇക്കാര്യം പറഞ്ഞത്.

തനിക്ക് ഇന്ത്യയിലെ ജനങ്ങളില്‍ വിശ്വാസമുണ്ട്. നിലവിലെ ഇരുണ്ട സാഹചര്യത്തില്‍ നിന്നും രാജ്യവും ജനങ്ങളും ഉടനെ പുറത്തുവരുമെന്നാണ് താന്‍ കരുതുന്നത് എന്നും അവര്‍ പറഞ്ഞു. ജനാധിപത്യത്തോട് നമ്മള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, ജനാധിപത്യത്തെ നാം എന്താക്കി മാറ്റി, നിലവില്‍ എന്താണ് സംഭവിക്കുന്നത്? ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപനങ്ങളും അപകടകരമായ അവസ്ഥയിലേക്ക് മാറിയാല്‍ എന്ത് സംഭവിക്കും എന്നും അവര്‍ ചോദിക്കുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം ചൂണ്ടികാണിച്ചു കൊണ്ടാണ് അരുന്ധതി റോയിയുടെ ചോദ്യങ്ങള്‍.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യആള്‍ക്കൂട്ട ആക്രമണങ്ങളുള്ള രാഷ്ട്രമായി മാറിയെന്നും മുസ്ലിംങ്ങളെയും ദളിതരെയും അക്രമികളായ ഹിന്ദുത്വ സംഘങ്ങള്‍ പരസ്യമായി മര്‍ദ്ദിച്ച് കൊല്ലുകയും അതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കുകയാണ് എന്നും അരുന്ധതി റോയ് പറഞ്ഞു. ഫാസിസം നമ്മുടെ മുഖത്തേക്ക് ഉറ്റു നോക്കുകയാണ്. പക്ഷേ നമ്മള്‍ അതിനെ ഫാസിസം എന്ന് വിളിക്കാന്‍ മടിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read more