കര്‍ണ്ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ദളിത് കുടുംബത്തെ ഹിന്ദുത്വ സംഘം ആക്രമിച്ചു. കര്‍ണ്ണാടകയിലെ ബെലഗാവി ജില്ലയിലെ തുക്കനാട്ടി ഗ്രാമത്തിലാണ് അക്രമം നടന്നത്. ആളുകളെ നിര്‍ബന്ധിതമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയെ ഗുരുതര പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസംബര്‍ 29 നായിരുന്നു സംഭവം. പാസ്റ്റര്‍ അക്ഷയ് കുമാര്‍ കരന്‍ഗാവിയുടെ വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടക്കുന്നതിനിടെയാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. വശീകരണത്തിലൂടെയും ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും അയല്‍വാസികളെയും ഗ്രാമവാസികളെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബം ബൈബിള്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചതെന്ന് അക്രമികള്‍ ആരോപിച്ചു. അടുക്കളയില്‍ ഉണ്ടായിരുന്ന ചൂടുള്ള കറി തന്റെ ദേഹത്തേക്ക് ഒഴിച്ചതായി പാസ്റ്ററുടെ ഭാര്യ പരാതിയില്‍ പറഞ്ഞു. വാര്‍ഷിക ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് പ്രാര്‍ത്ഥന നടത്തിയതെന്ന് അവര്‍ പറഞ്ഞു.
അക്രമം നടത്തിയവര്‍ വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും, കുട്ടികളെയടക്കം അസഭ്യം പറയുകയും ചെയ്തുവെന്ന് കുടുംബത്തിന്റെ പരാതിയില്‍ ഉണ്ട്. കുടുബത്തിലെ സ്ത്രീകളെ ലൈംഗിക തൊഴിലാളികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ കത്തിച്ച് കളയുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. ജാതീയമായി തങ്ങളെ അധിക്ഷേപിച്ചുവെന്ന് അക്ഷയ്് കുമാര്‍ പറഞ്ഞു. കുടുംബം മുദലഗി ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ആക്രമണം നടത്തിയവരില്‍ ഏഴ് പേര്‍ക്കെതിരെ എസ്സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്. തുക്കാനാട്ടി ഗ്രാമത്തില്‍ നിന്നുള്ള ശിവാനന്ദ് ഗോടൂര്‍, രമേഷ് ദണ്ഡാപൂര്‍, പരസപ്പ ബാബു, ഫക്കീരപ്പ ബാഗേവാദി, കൃഷ്ണ കനിത്കര്‍, കങ്കണവാടിയില്‍ നിന്നുള്ള ചേതന്‍ ഗദാദി, ഹത്തറാക്കിയില്‍ നിന്നുള്ള മഹന്തേഷ് ഹത്തരാകി എന്നിവരാണ് പ്രതികള്‍.
Read more
രാജ്യത്തിന്റെ പല ഭാഗത്തും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ഹിന്ദുത്വ സംഘടനകള്‍ ഇത്തരത്തില്‍ അക്രമം നടത്തിയിരുന്നു. ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയത്.