2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ കര്‍ത്തവ്യ പഥില്‍ നടത്താൻ ആലോചന. ജൂണ്‍ ഒമ്പതിനോ പത്തിനോ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞ ചടങ്ങ് കര്‍ത്തവ്യ പഥില്‍ നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി താല്‍പര്യമറിയിച്ചിട്ടുണ്ട്.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 8000ലധികം പേരെ പങ്കെടുപ്പിക്കാനും ആലോചനയുണ്ട്. തത്സമയ സംപ്രേഷണത്തിനായി 100 ക്യാമറകള്‍ സജ്ജമാക്കാനാണ് ദൂരദര്‍ശൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രസാര്‍ഭാരതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എല്ലാ തയ്യാറെടുപ്പുകളും സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ഗൗവ് ദ്വിവേദി പറഞ്ഞു.
രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയാണ് കര്‍ത്തവ്യപഥ്. 2022ലാണ് രാജ്പഥിന്‍റെ പേര് മാറ്റി കര്‍ത്തവ്യപഥ് എന്നാക്കിയത്. അതേസമയം, ജൂണ്‍ പത്തിന് മോദി അധികാരമേറ്റേക്കുമെന്ന് എന്‍സിപി നിര്‍വാഹക സമിതി യോഗത്തില്‍ അജിത് പവാര്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിനാണ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.’