ചരിത്ര ശേഷിപ്പുകള്‍ക്കും അവഗണന; 18 സ്മാരകങ്ങളെ ഒഴിവാക്കാനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ചരിത്ര ശേഷിപ്പുകളെയും ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കേന്ദ്ര സംരക്ഷിത സ്മരാകങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്നത് 18 സ്മാരകങ്ങളെ. പട്ടികയില്‍ നിന്ന് പുറത്താകുന്ന സ്മാരകങ്ങളെ തുടര്‍ന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ടാവില്ല.

വാരാണസിയിലെ ടെലിയ നള ബുദ്ധന്റെ അവശിഷ്ടങ്ങള്‍, ലഖ്‌നൗവിലെ ഗൗഘട്ട് സെമിത്തേരി, ഹരിയാനയിലെ മുജേസറിലുള്ള കോസ് മിനാര്‍ നമ്പര്‍ 13, റംഗൂണിലെ ഗണ്ണര്‍ ബര്‍ക്കിലിന്റെ ശവകുടീരം, ഡല്‍ഹിയിലെ ബാരാ ഖംഭ സെമിത്തേരി തുടങ്ങിയവയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒഴിവാക്കുന്ന സുപ്രധാന ചരിത്ര സ്മാരകങ്ങള്‍.

സംരക്ഷിത സ്മരാകങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതോടെ ഇവ നിലനില്‍ക്കുന്ന പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നഗരവത്കരണത്തിനും തടസങ്ങളുണ്ടാകില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പട്ടികയില്‍ നിലവില്‍ 3693 സ്മാരകങ്ങളുണ്ട്. പട്ടികയില്‍ നിന്ന് 18 സ്മാരകങ്ങള്‍ ഒഴിവാക്കുന്നതോടെ ഇത് 3675 ആയി കുറയും.