"ചിലയാളുകൾ തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്, ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാൻ" ശ്രീകോവിലിൽ പ്രവേശിച്ച സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ

ശ്രീവില്ലിപുത്തൂർ വിരുദനഗറിലെ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിൽ കയറിയ സംഗീത സംവിധായകൻ ഇളയരാജയെ ക്ഷേത്ര ഭാരവാഹികൾ തടഞ്ഞ സന്ദർഭം വിവാദം ഉണ്ടാക്കിയിരുന്നു. ജാതി വിവേചനം കാരണമാണ് ഇളയരാജയെ ഇറക്കിയത് എന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

‘ഞാനുമായി ബന്ധപ്പെട്ട് ചിലയാളുകൾ തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്. ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാൻ, ഇനി ഒരിക്കലും അത് ചെയ്യുകയുമില്ല. നടക്കാത്ത കാര്യങ്ങൾ നടന്നപോലെ പ്രചരിപ്പിക്കുകയാണ് അവർ. ആരാധകരും പൊതുജനങ്ങളും ഈ അഭ്യൂഹങ്ങൾ വിശ്വസിക്കരുത്.’ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ഇളയരാജ പറഞ്ഞു.

ശ്രിവില്ലിപുത്തൂരിലെ ശ്രീ ആണ്ടാൾ ജീയാർ മട്ടിലെ മതാചാര്യന്മാരായ സദാഗോപ രാമാനുജ അയ്യർ, സദാഗോപ രാമാനുജ ജീയാർ എന്നിവർക്കൊപ്പമാണ് ഇളയരാജ ക്ഷേത്രത്തിലെത്തിയത്. ഇവർ മൂന്ന് പേരും ശ്രീകോവിലിൽ പ്രവേശിക്കുകയും തുടർന്ന് ക്ഷേത്രം അധികൃതർ അവരെ വിലക്കി തിരികെ ഇറക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.