ഇലക്ടറൽ ബോണ്ട് റദ്ദാക്കി
2024 ന്റെ തുടക്കത്തിൽ ഇലക്ടറൽ ബോണ്ട് റദ്ദാക്കികൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതിയുടെ ഈ വർഷത്തെ സുപ്രധാന വിധികളിൽ ഒന്നാണ്. രാഷ്ട്രീയ കക്ഷികൾക്ക് സംഭാവനയിലൂടെ തിരഞ്ഞെടുപ്പ് മുൻനിർത്തി ധനസമാഹരണം നടത്താനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി അനുവദിക്കാനാകില്ലെന്ന സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സ്രോതസ് വെളിപ്പെടുത്താതെ തന്നെ ധനസമാഹരണം നടത്താൻ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ കക്ഷികൾക്ക് സാധ്യമായിരുന്നു. തങ്ങൾക്ക് ലഭിക്കുന്ന സംഭാവനയെ കുറിച്ചുള്ള വിവരങ്ങൾ രാഷ്ട്രീയകക്ഷികൾ രഹസ്യമാക്കി വെക്കുന്നത് ഭരണഘടനാവിരുദ്ധമാണന്നും സംഭാവനയെ കുറിച്ചുള്ള വിശദാംശങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വിരമിച്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജസ്റ്റിസുമാരായ ബിആർ ഗവായ്, സഞ്ജീവ് ഖന്ന, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്. 2019 ഏപ്രിൽ മുതൽ ഇലക്ടറൽ ബോണ്ടുകൾ ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെ വിശദാംശങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ഉത്തരവിട്ടു.
യുപി മദ്രസ നിയമം
യുപി മദ്രസാ നിയമത്തിന്റെ നിയമസാധുത ശരിവച്ച സുപ്രീംകോടതി വിധി ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. 2004ലെ ഉത്തർപ്രദേശ് മദ്രസ എജ്യുക്കേഷൻ ആക്ടിന്റെ നിയമസാധുതയാണ് കോടതി ശരിവച്ചത്. മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവർത്തനം തുടരാമെന്നും ആണ് കോടതി അറിയിച്ചത്.
നിയമത്തിനെതിരായ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൽ ജെബി പാർദിവാല, മനോജ് മിശ്ര എന്നിവരാണ് ഉണ്ടായിരുന്നത്. അതേസമയം മദ്രസകൾക്ക് ഉന്നത ബിരുദങ്ങൾ നൽകാനുള്ള അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഇത് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നിയമത്തിന്റെ ലംഘനമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
കോഴ വാങ്ങുന്ന എംപിമാരും എംഎൽഎമാരും നിയമ നടപടി നേരിടണം
വോട്ടിന് കോഴ വാങ്ങുന്ന എംപിമാരും എംഎൽഎമാരും അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസിൽ വിചാരണ നേരിടണമെന്ന ഉത്തരവാണ് സുപ്രീംകോടതിയുടെ ഈ വർഷത്തെ മറ്റൊരു സുപ്രധാന ഉത്തരവ്. കൈക്കൂലി കേസുകളിൽ ജനപ്രതിനിധികൾക്ക് പാർലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് വിധിച്ചു. രാഷ്ട്രപതി, രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികൾക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് വിധിച്ചു.
വോട്ടിന് കോഴ വാങ്ങിയ കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയിൽനിന്ന് ഒഴിവാക്കി 1998ൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. നരസിംഹ റാവു കേസിലെ ഈ വിധിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്.
‘ക്വോട്ടയ്ക്കുള്ളിലെ ക്വോട്ട’ അനുവദനീയമാണ്
സുപ്രീംകോടതിയുടെ ചരിത്ര വിധിയായിരുന്നു പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ളിൽ സംവരണത്തിനായി ഉപവർഗ്ഗീകരണം അനുവദനീയമാണെന്നത്. സുപ്രധാന വിധിയിൽ ഏഴംഗ ബെഞ്ച് 6:1 ഭൂരിപക്ഷത്തിൽ – എസ്‌സി/ എസ്ടി വിഭാഗങ്ങൾക്കുള്ളിൽ കൂടുതൽ പിന്നാക്കക്കാർക്ക് പ്രത്യേക ക്വാട്ട അനുവദിക്കുന്നതിന് ഉപവർഗ്ഗീകരണം അനുവദനീയമാണെന്ന് വിധിച്ചു. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ കൂടുതൽ ഉപവിഭാഗങ്ങളായി തിരിച്ച് വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും സംവരണം ഏർപ്പെടുത്താം.
ഉപവർഗ്ഗീകരണം ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം) ലംഘിക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. സംവരണത്തിനായി പട്ടികജാതി ഉപവർഗ്ഗീകരണം അനുവദനീയമാണെന്ന് തങ്ങൾ വിശ്വസിക്കുന്നതായും കോടതി വ്യക്തമാക്കി. സംവരണത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിലെ മത്സരം കാരണം എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് പലപ്പോഴും മുന്നോട്ട് വരാൻ സാധിക്കുന്നില്ല എന്നും ബെഞ്ച് പറഞ്ഞു.
ജയിലുകളിൽ ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനം നിർത്തലാക്കണം
ജാതി അടിസ്ഥാനത്തിൽ തടവുകാരെ ജയിലുകളിൽ ശുചീകരണത്തിനും തോട്ടിപ്പണിക്കും നിയോഗിക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്ന നിർണായക വിധി സുപ്രീംകോടതി പുറപ്പെടുവിച്ചതും ഈ വർഷമാണ്. ജയിലിനുള്ളിലെ തടവുകാരുടെ രജിസ്റ്ററിലെ “ജാതി” കോളവും ജാതിയെ കുറിച്ചുള്ള പരാമർശങ്ങളും ജയിൽ മാനുവലുകളിലും അനുബന്ധ നിയമങ്ങളിലും ഇല്ലാതാക്കണമെന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും ജസ്റ്റിസുമാരായ പർദിവാലയും മിശ്രയും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
പൗരത്വ നിയമത്തിലെ സെക്ഷൻ 6 എ ശരിവച്ചു
അസം ഉടമ്പടി അംഗീകരിച്ച 1985 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 6 (എ)യുടെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു. ഇതോടെ 1966 ജനുവരിക്കും 1971 മാർച്ച് 25 നും ഇടയിൽ ആസാമിൽ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾക്ക് ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാം.
അദാനി- ഹിൻഡൻബർഗ് വിവാദത്തിലെ വിധി
അദാനി- ഹിൻഡൻബർഗ് വിവാദത്തിൽ അന്വേഷണം നടത്താൻ എസ്ഐടിയോ വിദഗ്ധരുടെ സംഘമോ രൂപീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതും ചർച്ചചെയ്യപ്പെട്ട വിധിയാണ്. സെബിയിൽ നിന്ന് അന്വേഷണം മാറ്റേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടും (OCCRP) ഹിൻഡൻബർഗ് റിസർച്ചും “നിർണ്ണായക തെളിവായി” കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് പ്രത്യേക ബാഡ്ജ് വേണ്ട
ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് പ്രത്യേക ബാഡ്ജ് ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. 2022ലെ നിയമ ഭേദഗതി ശരിവെച്ചായിരുന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി. എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ഹെവി ഒഴികെയുള്ള യാത്രാ വാഹനങ്ങൾ ഓടിക്കാമെന്നും കോടതി വ്യക്തമാക്കി.
ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങളുടെ ഡ്രൈവിംഗിന് പ്രത്യേക ബാഡ്ജ് ആവശ്യമില്ല. മീഡിയം, ഹെവി വിഭാഗത്തിലുള്ള വാഹന ഡ്രൈവിംഗിന് മാത്രം പ്രത്യേക ബാഡ്ജ് മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ശൈശവ വിവാഹ നിരോധന നിയമം- 2006 ഫലപ്രദമായി നടപ്പിലാക്കുക
ശൈശവ വിവാഹം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചു.
ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നിയമത്തെ വ്യക്തിനിയമം കൊണ്ട് മുരടിപ്പിക്കാനാകില്ലെന്ന് വിധി വായിച്ചുകൊണ്ട് ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അവരുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻറെ ലംഘനമാണ് ഇത്തരം വിവാഹങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി
2006 ലെ ശൈശവ വിവാഹ നിരോധന നിയമം ഫലപ്രദമായി നിയമം ഫലപ്രദമായി നടപ്പാക്കാൻ സുപ്രീം കോടതി മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ശൈശവ വിവാഹത്തിനെതിരെ ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുക, ശിക്ഷാനടപടികളുടെ അല്ലാതെ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ രൂപീകരിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.