'ഇതാ, സമയമായി.. 2026ൽ ഡിഎംകെയെ തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയും, എൻഡിഎ സർക്കാരുണ്ടാക്കും'; അമിത് ഷാ

2026ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാരുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യദ്രോഹികളായ ഡിഎംകെയുടെ ഭരണം തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയുമെന്നും കോയമ്പത്തൂരിൽ ബിജെപിയുടെ ജില്ലാ ഓഫീസുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഷാ പറഞ്ഞു. തമിഴ് ഭാഷയിൽ സംസാരിക്കാൻ സാധിക്കാത്തതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്.

‘ഇതാ, സമയമായി രാജ്യദ്രോഹികളായ ഡിഎംകെയെ നമുക്ക് തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയണം. 2026ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാരുണ്ടാക്കും. ആ സർക്കാർ ഇവിടെ പുതിയ യുഗത്തിന് തുടക്കമിടും. കുടുംബ രാഷ്ട്രീയവും അഴിമതിയും നമ്മൾ അവസാനിപ്പിക്കും. സംസ്ഥാനത്തെ രാജ്യദ്രോഹ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയും’ – ഷാ പറഞ്ഞു. തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപവത്കരിച്ചുകൊണ്ടാകും 2026 എന്ന വർഷം നമ്മൾ അവസാനിപ്പിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ ഭാഷാവിവാദം കത്തിനിൽക്കുന്നതിനിടെ ആയിരുന്നു അമിത് ഷായുടെ തന്ത്രപരമായ പ്രസംഗം. തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്ന് അമിത് ഷാ വിശേഷിപ്പിച്ചു. ഹിന്ദി നിർബന്ധമാക്കുന്ന കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ഡിഎംകെയും സ്റ്റാലിനും കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഷായുടെ പ്രസംഗം.

Read more

‘2024 ബിജെപിക്ക് ചരിത്രപരമായ വർഷമാണ്. മോദി പ്രധാനമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലത്തിന് ശേഷം ആന്ധ്ര പ്രദേശിൽ നമ്മൾ സർക്കാർ രൂപവത്കരിച്ചു. ഡൽഹിയിലും മഹാരാഷ്ട്രയിലും ഹരിയാനയിലും വിജയിച്ചു. ജനങ്ങൾ ബിജെപിയിൽ കൂടുതൽ വിശ്വാസമർപ്പിക്കുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നതെന്നും കൂട്ടിച്ചേർത്ത് അമിത് ഷാ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നു.