'നഷ്ടമായത് ഉറ്റ സുഹൃത്തിനെ'; രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു. ആബെയുടെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നാളെ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു.

‘ആബെയുടെ മരണത്തില്‍ അതീവ ദുഃഖം. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു ആബെ. ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബെ’ മോദി ട്വീറ്റ് ചെയ്തു.

ജപ്പാന്‍ സമയം രാവിലെ പതിനൊന്നരയോടെയാണ് കിഴക്കന്‍ ജപ്പാനിലെ നരാ നഗരത്തില്‍ വച്ച് ആബെയ്ക്ക് വെടിയേറ്റത്. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തില്‍ ആബെ പ്രസംഗിച്ചുകൊണ്ടിരിക്കെ അക്രമി പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അഗ്‌നിരക്ഷാസേന അറിയിച്ചു. ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. എയര്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ആബെയുടെ ശ്വാസം നിലച്ചിരുന്നതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

വെടിവെച്ച അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുന്‍ പ്രതിരോധസേനാംഗംതെത്സുയ യമാഗമി എന്ന നാല്‍പ്പത്തിയൊന്നുകാരനാണ് ആബെയെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഇയാള്‍ സ്വയം നിര്‍മ്മിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.