ഇന്ത്യന്‍ സൈന്യവും ചൈനീസ് ആര്‍മിയും ലഡാക്കിലെ പോന്‍ഗാംഗ് തടാകത്തിനടുത്ത് പരസ്പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അടുത്ത മാസം അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.
134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.
ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുകയും തടയാന്‍ ശ്രമിക്കുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് ഇരുവിഭാഗം സൈനികരും തമ്മില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പ്രദേശത്തേക്ക് ഇരുഭാഗത്ത് നിന്നും കൂടുതല്‍ സൈനികരെ എത്തിച്ചതായുമാണ് റിപ്പോര്‍ട്ട്.
ഇത്തരം തര്‍ക്കങ്ങളും പിരിമുറുക്കങ്ങളും പരിഹരിക്കുന്നതിന് ഉഭയകക്ഷി സംവിധാനമുണ്ട്. ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇതിനായുണ്ട്. നിയന്ത്രരേഖയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് നിലവിലുള്ളത്. അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും ഫ്ളാഗ് ചര്‍ച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Read more
2017-ല്‍ ദോക് ലാമില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവം.