കുംഭമേളയിൽ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

കുംഭമേളയ്ക്കിടെ സ്വകാര്യ ലാബുകള്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അന്വേഷത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഹരിദ്വാര്‍ ജില്ലാ ഭരണകൂടത്തോട് കേസെടുത്ത് അന്വേഷണം നടത്താനാണ് നിർദേശം. ഈ വര്‍ഷം ആദ്യം നടന്ന കുംഭമേളയിലാണ് കോവിഡ് ടെസ്റ്റുകളുടെ പേരില്‍ വന്‍ അഴിമതി നടന്നത്

ഏപ്രില്‍ 1 മുതല്‍ 30 വരെ നീണ്ടുനിന്ന രാജ്യത്തെ ഏറ്റവും വലിയ മതാചാരങ്ങളിലൊന്നായ കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ക്ക് സ്വകാര്യ ലാബുകള്‍ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധനാ ഫലങ്ങള്‍ നല്‍കിയെന്നാണ് റിപ്പോർട്ട്. കുംഭമേള കാലത്ത് ഹൈക്കോടതി നിശ്ചയിച്ച 50,000 ടെസ്റ്റുകളുടെ ദൈനംദിന പരിശോധന ക്വാട്ട പൂര്‍ത്തീകരിക്കുന്നതിനാണ് ലാബുകള്‍ ക്രമക്കേട് നടത്തിയതെന്നാണ് വിവരം.

Read more

മേളയക്കെത്തുന്നവരെ പരിശോധിക്കുന്നതിനായി 22 ലാബുകളെ ജില്ലാ ഭരണകൂടം നിയോഗിച്ചിരുന്നു. എന്നാല്‍ ലാബുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഒരു ലക്ഷത്തിലധികം വ്യാജമാണെന്നാണ് ആരോഗ്യവകുപ്പിൻറെ കണ്ടെത്തല്‍. വ്യാജ പേരുകളും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറുകളും ആവര്‍ത്തിച്ച് വന്നതാണ് സംശയത്തിനിടയാക്കിയത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാബുകള്‍ക്ക് നല്‍കേണ്ടിയിരുന്ന പേയ്‌മെന്റുകള്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിട്ടുണ്ട്.